തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ദലിത് ഉദ്യോഗസ്ഥന് നേരെ ഉത്തരേന്ത്യക്കാരനായ മുതിർന്ന ഐ​എഎസ് ഉദ്യോഗസ്ഥൻ അടിമപ്പണി ചെയ്യിക്കുന്നതായി പരാതി. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കെതിരായാണ് പരാതി. മാതൃഭൂമി ന്യൂസ് ആണ് അടിമ പണിയെ കുറിച്ച് വാർത്ത പുറത്തുവിട്ടത്.

അടുത്തിടെ ജോലി കിട്ടിയ ക്ലാസ് ഫോർ ജീവനക്കാരനായ ദലിത് യുവാവാണ് പരാതിക്കാരൻ. ഭക്ഷണം കഴിച്ച ശേഷം എച്ചിൽ വാരാൻ പറയും പാത്രം കഴുകാൻ പറയും. പേപ്പറുകൾ കീറി ഓഫീസിൽ ഇടും അത് എടുത്തുകൊടുക്കണം  എന്നിങ്ങനെ തന്നെ കൊണ്ട്  അനാവശ്യ ജോലികൾ ചെയ്യിക്കും. പാത്രം കഴുകാതെ കൊടുത്തയച്ചതിന് വീട്ടിലെത്തിയ ശേഷം പ്രിൻസിപ്പൽ സെക്രട്ടറി തന്നെ വിളിച്ച് എന്താണ് പാത്രം കഴുകാതിരുന്നത് എന്ന് ചോദിച്ചതായും പരാതിക്കാരൻ പറയുന്നു.   ഐ എ എസ് ഉദ്യോഗസ്ഥന്റെ അടിമ പണി ചെയ്യിക്കലിൽ സഹികെട്ട്  ജീവനക്കാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

ഫയലുകൾ താഴെയിടുകയും പേപ്പറുകൾ കീറി നിലത്തിടുകയും അത് എടുക്കുകയും ചെയ്യിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷത്തോളമായി സർവീസിലുളള ഈ യുവാവിനെ കസേരയിൽ ഇരിക്കാൻ പോലും സമ്മതിക്കാതെയാണ് അടിമ പണി ചെയ്യിക്കുന്നതെന്നും ജീവനക്കാരൻ ആരോപിക്കുന്നു.

 

ദലിത് ജീവനക്കാരന്റെ ആരോപണം പ്രിൻസിപ്പൽ സെക്രട്ടറി നിഷേധിച്ചു. ഓഫീസിൽ  ആരോടും വേർതിരവ് കാട്ടിയിട്ടില്ലെന്നും. ഓഫീസിൽ ആരാണ് ദലിതരെന്നോ അല്ലെന്നോ അറിയില്ലെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.  മുഖ്യമന്ത്രിയുടെ  ഓഫീസിൽ നിന്നും ഈ വിഷയത്തിൽ വിശദീകരണം തേടിയിട്ടില്ലെന്നും വിശ്വനാഥ് സിൻഹ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.