തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടാം ക്ലാസ് വിദ്യാർഥിയെ സസ്പെന്‍ഡ് ചെയ്തു. ഗ്രീന്‍ ഡോം പബ്ലിക് സ്കൂളില്‍ നിന്നാണ് കുട്ടിയെ അഞ്ച് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കുട്ടി സഹപാഠികളെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് കുട്ടിക്കെതിരെ പ്രിന്‍സിപ്പൽ നടപടി എടുത്തത്.

ഇത് സംബന്ധിച്ച നോട്ടീസും കുട്ടിയുടെ പിതാവായ ഷബീറിന് സ്കൂള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ കുട്ടിയെ പിതാവ് സര്‍ക്കാര്‍ സ്കൂളിലേക്കും മാറ്റി. നേരത്തെ കുട്ടിയെ സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ നിന്ന് അടക്കം അധികൃതര്‍ മാറ്റി നിര്‍ത്തിയിരുന്നു.

അതേസമയം, കുട്ടിയുടെ പിതാവിന്റെ മോശം പെരുമാറ്റവും കുട്ടിയുടെ നിരന്തരമായ അച്ചടക്കമില്ലായ്മയെ തുടര്‍ന്നും ആണ് നടപടി എടുത്തതെന്ന് പ്രിന്‍സിപ്പൽ നസീര്‍ പറഞ്ഞു. കൂടാതെ കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ട പ്രകാരമാണ് സസ്പെന്‍ഡ് ചെയ്തതായിട്ടുളള കത്ത് നല്‍കിയതെന്നും പ്രിന്‍സിപ്പൽ ന്യായീകരിച്ചു. എന്നാല്‍ സ്കൂളിലെ ഡ്രൈവറാണ് സസ്പെന്‍ഡ് ചെയ്തതായുളള കത്ത് തന്നെ ഏല്‍പ്പിച്ചതെന്നും പിടിഎ മീറ്റിങ്ങിലാണ് കുട്ടിയെ സസ്പെന്‍ഡ് ചെയ്യാനുളള തീരുമാനം എടുത്തതെന്നും മുന്‍ പിടിഎ പ്രസിഡന്റ് കൂടിയായ കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രിന്‍സിപ്പലിന് തന്നോടുളള വൈരാഗ്യ കൊണ്ടാണ് കുട്ടിക്കെതിരെ നടപടി എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ