തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 22ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21 മുതല്‍ സഭ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ബലി പെരുന്നാള്‍ ആഘോഷം കണക്കിലെടുത്താണ് തിയതി മാറ്റം. പെരുന്നാള്‍ ആഘോഷം 21-ലേക്കു മാറ്റിയിരുന്നു.
ബജറ്റ് ധനാഭ്യര്ത്ഥനകളില് വിവിധ സബ്ജക്റ്റ് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തില്‍ നടക്കുക. 20 ദിവസം സമ്മേളിക്കാനാണ് തീരുമാനം. അതില്‍ നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍, അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.
ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്ക്കും ബജറ്റിലെ ധനാഭ്യര്ത്ഥനകളിന്മേലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തേണ്ടതുണ്ട്. അവശ്യമായ നിയമനിര്‍മാണം ഏതെങ്കിലും ഉണ്ടെങ്കില്‍ അതിനും അധിക സമയം ആവശ്യമായി വരും. ഇക്കാര്യങ്ങളില്‍ കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് സ്പീക്കര്‍ അറിയിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 18ന് പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്. സമ്പൂര്‍ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണയും സമ്മേളന നടപടികള്‍ നടക്കുന്നത്. കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അംഗങ്ങള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും. ആന്റിജന്‍/ആര്.ടി.പി.സി.ആര് ടെസ്റ്റുകള്‍ക്കുള്ള സൗകര്യവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
Also Read: ബക്രീദിന് ലോക്ക്ഡൗൺ ഇളവ്; സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
സഭയുടെ ഒന്നാം സമ്മേളനം മേയ് 24ന് ആരംഭിച്ച് ജൂണ്‍ 10നാണ് അവസാനിച്ചത്. തുടര്‍ന്ന്, ജൂണ്‍ 24, 25, 26 തീയതികളിലായി പുതിയ അംഗങ്ങള്‍ക്ക് വിശദമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജൂലൈ 13, 14 തീയതികളിലായി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും അംഗങ്ങളുടെ പി.എമാര്‍ക്കും പരിശീലനം നല്കി. ഈ സമ്മേളനകാലത്തെ ഇടവേളയിലെ സൗകര്യപ്രദമായ ദിവസം, നിയമസഭാ നടപടികള്‍ റിപ്പോര്ട്ടദ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും.