scorecardresearch

ശശീന്ദ്രനെ അനുകൂലിച്ച് മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി ഇല്ല

പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുക മാത്രമാണ് ശശീന്ദ്രൻ ചെയ്തതെന്നു മുഖ്യമന്ത്രി

പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുക മാത്രമാണ് ശശീന്ദ്രൻ ചെയ്തതെന്നു മുഖ്യമന്ത്രി

author-image
WebDesk
New Update
Kerala Assembly

തിരുവനന്തപുരം: ഫോൺ വിളി വിവാദത്തിൽ വനം മന്ത്രി എകെ ശശീന്ദ്രന്റെ രാജിക്കായി നിയമസഭയിൽ പ്രതിപക്ഷ നീക്കം. സ്ത്രീപീഡനം ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. പി സി വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്.

Advertisment

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ശശീന്ദ്രനു മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. നിയമനടപടികൾ ഇല്ലാതാക്കാനാണ് മന്ത്രി പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. മുഖ്യമന്ത്രിയെ കൂടെയുള്ളവർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

പ്രശ്നം സഭ നിർത്തിവച്ച് ചർച്ച ചെയ്യണ്ട കാര്യമില്ലെന്നും പൊലീസ് കേസെടുക്കാൻ വൈകിയോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീപീഡനം സംബന്ധിച്ച പരാതിക്കാരി എൻസിപി നേതാവിന്റെ മകളും ആരോപണ വിധേയൻ അതേ പാർട്ടിയുടെ പ്രവർത്തകനുമാണ്. ഇവർ തമ്മിലുള്ള തർക്കം എന്ന നിലയിൽ എൻസിപി നേതാവ് കൂടിയായ മന്ത്രി കാര്യം അന്വേഷിക്കുകയാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും സംസ്ഥാന ഭാരവാഹി പത്മാകരന്റെ വോയ്സ് ക്ലിപ്പും എൻസിപി കൊല്ലം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നതു സംബന്ധിച്ച് യുവതി ജൂൺ 28നു കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പത്മാകരൻ മുൻപൊരിക്കൽ തന്റെ കയ്യിൽ കയറി പിടിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. രണ്ടു പേരെയും 30നു സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും പരാതിക്കാരി അന്ന് എത്തിയില്ല. പിറ്റേ ദിവസമാണ് ഹാജരായത്.

Advertisment

വാട്സാപ്പിൽ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരാതിക്കാരിയിൽനിന്ന് ലഭ്യമായില്ല. വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. കേസ് റജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായെന്ന പരാതി പൊലീസ് മേധാവി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

അതിനിടെ, എ കെ ശശീന്ദ്രനെതിരെ പ്രതിഷേധവുമായി യുവമോർച്ച നിയമസഭാ കോംപ്ലക്സിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളും നിയമസഭാ കോംപ്ലക്സിലേക്ക് പ്രതിഷേധം നയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. സമ്പൂര്‍ണ ബജറ്റ് പാസാക്കാനുള്ള 20 ദിവസത്തെ സമ്മേളനമാണ് നടക്കുന്നത്. ‍ശശീന്ദ്രന്‍ വിഷയത്തിന് പുറമെ മുട്ടില്‍ മരം മുറി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കോവിഡ് മരണസംഖ്യ എന്നിവയും സഭയില്‍ ചര്‍ച്ചയാക്കാനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷം.

Also Read: സ്ത്രീപീഡനം ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം; നിയമസഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം

Vd Satheeshan Kerala Assembly Pinarayi Vijayan Udf Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: