തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പാറശാല പരശുവയ്ക്കല്‍ സ്വദേശിനി സുബിതയാണു (38) മരിച്ചത്. മെഡിക്കല്‍ കോളജില്‍ കോളജില്‍ ചികിത്സയിലായിരുന്നു.
തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് ഒരാഴ്ചയ്ക്കിടെ മരിക്കുന്ന രണ്ടാമത്തെയാളാണു സുബിത. വര്‍ക്കല സ്വദേശിയായ പതിനഞ്ചുകാരി അശ്വതി കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. അശ്വതിയുടെ വീട്ടിലെ നായയ്ക്കും ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ അശ്വതിയുടെ മരണം.
പനി ബാധിച്ച് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആറാം തിയതി ചികിത്സ തേടിയ സുബിതയെ ആരോഗ്യനില വഷളായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. വൃക്കരോഗത്തിനും ചികിത്സയിലായിരുന്നു സുബിത.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണു രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറുപ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണു മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു രോഗം പകരുന്നത്.
Read More: എന്താണ് ചെള്ളുപനി? രോഗലക്ഷങ്ങളും പ്രതിരോധമാർഗങ്ങളും അറിയാം
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ചെറിയ ചുവന്നുതടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.