തിരുവനന്തപുരം: കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് (Coronavirus) സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആലപ്പുഴയിൽ നിരീക്ഷണത്തിലുളള വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐസൊലേഷൻ വാർഡിൽ ചികിൽസയിലാണ് വിദ്യാർഥി. ഇതോടെ കേരളത്തിൽ രോഗബാധിതരുടെ എണ്ണം രണ്ടായി. ആലപ്പുഴ മെഡിക്കൽ കോളേജിൽ മൂന്നുപേർ നിരീക്ഷണത്തിലാണ്.

എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ആലപ്പുഴയിൽ തന്നെ പരിശോധന നടത്താൻ സജ്ജീകരണമുണ്ട്. ഇന്നു മുതൽ ആലപ്പുഴയിൽ തന്നെ ടെസ്റ്റ് നടത്താൻ സൗകര്യം. ആലപ്പുഴയിൽ 124 പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ നിന്നെത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുടെ നില ഗുരുതരമല്ലെന്നും ഐസൊലേഷൻ വാർഡിൽ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Read More: കൊറോണയെ നേരിടാം ഒറ്റക്കെട്ടായി; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

എന്നാൽ ഒരാളുടെ കൂടി ഫലം പോസിറ്റീവ് ആകാൻ സാധ്യതയുണ്ടെന്ന് മാത്രമാണ് എൻഐവിയിൽ നിന്നും കിട്ടിയതെന്നും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്തിമ ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നുമാണ് ആരോഗ്യമന്ത്രി അറിയിച്ചത്. വിദ്യാർഥിനി ചൈനയിലെ വുഹാനിൽ നിന്നാണ് എത്തിയത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ പുനെ വൈറോളജി ഇൻസ്‌റ്റിററ്യൂട്ടിൽ നിന്നും പരിശോധനാ ഫലം ലഭ്യമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.

വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്ന ഒരാളും പുറത്തിറങ്ങുകയോ കൂട്ടായ്മകളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്നും മന്ത്രി വ്യക്തമാക്കി.

വുഹാനിൽ നിന്ന് തിരിച്ചെത്തിയ മലയാളികളെ ഡൽഹിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചു വരികയാണെന്നും വുഹാനിൽ നിന്നെത്തിയ വിദ്യാർഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Corona virus

Read More: കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

അതേസമയം, കേരളത്തിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പെൺകുട്ടി നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും രണ്ടാമത്തെ സാംപിൾ ഫലം ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. വേണ്ടത്ര ജാഗ്രതയോടെയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നതെന്നും കെ.കെ.ശെെലജ പറഞ്ഞു.

Read More: കൊറോണ ബാധിച്ച പെൺകുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം; ഇതുവരെ മറ്റാർക്കും രോഗബാധയില്ല

പുതിയതായി 322 പേർ നിരീക്ഷണത്തിലായിട്ടുണ്ട്. ഇതോടെ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1793 ആയി. ചെെനയിൽ നിന്നു നാട്ടിലെത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. ഇന്ന് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവർ 21 പേരാണ്. ഇതോടെ രോഗലക്ഷണത്തോടെ ചികിത്സ തേടിയവരുടെ ആകെ എണ്ണം 71 ആയി. ഇതുവരെ 39 സാംപിളുകളാണ് അയച്ചത്. ഇതിൽ 24 പേരുടെ ഫലം ലഭിച്ചിട്ടുണ്ട്. അതിൽ ഒരെണ്ണം മാത്രമാണ് പോസിറ്റീവ്. ബാക്കി 23 പേരും നെഗറ്റീവ് ആണ്. അത് വലിയ ആശ്വാസമുള്ള കാര്യമാണെന്നും കെ.കെ.ശെെലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.