scorecardresearch

രണ്ടാം ഘട്ട നൂറു ദിന പരിപാടി; മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഡിസംബർ 9ന് ആരംഭിച്ച രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിൽ 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. രണ്ടാം ഘട്ടത്തിലെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം,

 • ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.
 • 2021 ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്‍ഷനുകള്‍ നൂറു രൂപ വീതം വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും.
 • റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുളള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി വിതരണം ചെയ്യും.
 • ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31-ന് മുമ്പ് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.
 • അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കും.
 • 20 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായി ഉയർത്തും. ഒൻപത് വ്യവസായ പദ്ധതികൾ മാർച്ചിൽ പൂർത്തിയാക്കും.
 • രണ്ടാംഘട്ട നൂറ്ദിന പരിപാടിയിലൂടെ 50,000 പേർക്ക് തൊഴിൽ നൽകും.
 • ഒന്നര ലക്ഷത്തോളം പട്ടയങ്ങൾ ഇതിനോടകം വിതരണം ചെയ്തു. രണ്ടാം നൂറ് ദിന കർമ പദ്ധതിയിൽ പതിനായിരം പട്ടയങ്ങൾ കൂടി വിതരണം ചെയ്യും
 • സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും.
 • കൊച്ചി വാട്ടർ മെട്രോ പദ്ധതി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.
 • ഗെയ്‌ൽ പദ്ധതി ഉദ്ഘാടനം ജനുവരി അഞ്ചിന്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതിയാണ് യാഥാർഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി.
 • 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും.
 • 25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 50 സ്കൂളുകളുടെയും 3 കോടി രൂപ ചെലവില്‍ നിര്‍മിച്ച 30 സ്കൂളുകളുടെയുമടക്കം 80 പുതിയ ആധുനിക സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തും.
 •  

  3 കോടി രൂപയും 1 കോടി രൂപയും മുതല്‍മുടക്കി നിര്‍മ്മിക്കുന്ന 300 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും.

 • 496 കോടി രൂപയുടെ 46 വിവിധ കൃഷി പദ്ധതികള്‍ മാര്‍ച്ച് 31നകം തുടങ്ങും.
 • 75 പുതിയ കറ്റാമരന്‍ പാസഞ്ചര്‍ ബോട്ടുകള്‍ ജനുവരിയില്‍ നീറ്റിലിറക്കും. 3 വാട്ടര്‍ ടാക്സികളും സോളാര്‍, വൈദ്യുതി ബോട്ടുകളും സര്‍വ്വീസ് ആരംഭിക്കും.
 • കെഎസ്ആര്‍ടിസിയുടെ അനുബന്ധ കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും. ഈ സംവിധാനത്തിന്‍റെ കീഴിലാണ് കിഫ്ബി മുഖാന്തിരം വാങ്ങുന്ന ആധുനിക ബസുകള്‍ സര്‍വ്വീസ് നടത്തുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം നടക്കും.
 • എറണാകുളം ബൈപ്പാസിന് 182 കോടി രൂപ ചെലവഴിച്ചുള്ള കുണ്ടന്നൂര്‍, വെറ്റില മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കും. നാലുപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനുശേഷം 387.18 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ആലപ്പുഴ ബൈപ്പാസ് തുറക്കും. കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്‍റെയും വട്ടോളി പാലത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Second phase of 100 days action plan cm pinarayi vijayan key announcements