scorecardresearch

മങ്കിപോക്സ്: രണ്ടാമത്തെ രോഗി രോഗമുക്തി നേടി

ജൂലൈ 13നു യു എ ഇയില്‍നിന്നു മംഗലാപുരം വിമാനത്താവളം വഴി എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്

monkeypox, health, ie malayalam

തിരുവനന്തപുരം: രാജ്യത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് (31) രോഗമുക്തി നേടി. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായതായും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ 13നു യു എ ഇയില്‍നിന്നു മംഗലാപുരം വിമാനത്താവളം വഴി എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല.

രാജ്യത്താദ്യമായി കേരളത്തിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽനിന്ന് എത്തിയ കൊല്ലം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനായിരുന്നു ആദ്യം രോഗി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് നേരത്തെ രോഗമുക്തി നേടിയിരുന്നു.

ഇവർ രണ്ടുപേരും ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ച് പേർക്കാണു മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

മലപ്പുറം സ്വദേശിക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍നിന്ന് ജൂലൈ 27നാണ ഇദ്ദേഹം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാണ്.

തൃശൂരില്‍ മരിച്ച യുവാവിനു മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. യുഎഇയിൽ നിന്നെത്തിയ യുവാവിന് മങ്കിപോക്സിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് ചുവന്ന കുരുക്കൾ ഉണ്ടായിരുന്നില്ല.

പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും അടക്കം 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Second monkeypox patient in kerala recovers will be discharged saturday

Best of Express