കൊച്ചി: കൊച്ചി മെട്രോയില്‍ തൊഴില്‍ ലഭിച്ച ഭിന്നലിംഗക്കാര്‍ക്കുള്ള പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം ഇന്നു നടന്നു. കെഎംആര്‍എലിന്റെ (കൊച്ചി മെട്രോ റെയില്‍ ലിമി.) നേതൃത്വത്തിലാണ് ആലുവ മുട്ടം യാര്‍ഡില്‍ പരിശീലനം തുടങ്ങിയത്. തുടര്‍ന്ന് മെട്രോ കോച്ചുകളില്‍ യാത്ര ചെയ്ത സംഘം അന്പാട്ടുകാവ്, പാലാരിവട്ടം സ്റ്റേഷനുകളിലെത്തി.

സുരക്ഷ, ടിക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ കെ.എം.ആര്‍.എല്‍. അധികൃതര്‍ ഇവര്‍ക്ക് ക്ലാസുകളെടുത്തു. വൈകിട്ട് മെട്രോ ഓഫീസിലെത്തിയ പതിമൂന്നംഗ സംഘത്തോട് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് സംസാരിച്ചു.

ട്രാൻസ്ജെന്റർ വിഭാഗക്കാർക്ക് ആദ്യമായാണ് പൊതുമേഖലയിൽ കേരളത്തിൽ തൊഴിൽ ലഭിക്കുന്നത്. ആലുവ മുതൽ പാലാരിവട്ടം വരെ കൊച്ചി മെട്രോ ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ 23 ട്രാൻസ്ജെന്റേഴ്സ് ഇവിടെ മെട്രോ ജീവനക്കാരായി ജോലിയിൽ പ്രവേശിക്കും. വേതനത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും.

സംസ്ഥാനത്ത് ട്രാൻസ്ജെന്റർ വിഭാഗക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന ശീതൾ ശ്യാം അടക്കമുള്ള 23 പേർക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. ഇവരിൽ എറണാകുളം ജില്ലക്കകാർക്ക് പുറമേ മറ്റ് ജില്ലയിൽ നിന്നുള്ളവരും ഇടം പിടിച്ചിട്ടുണ്ട്. മെട്രോ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ ട്രാൻസ്ജെന്റർ വിഭാഗക്കാർക്ക് തൊഴിൽ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ.

കൊച്ചി മെട്രോ സ്റ്റേഷനുകളുടെയും പാർക്കിംഗ് ഏരിയയുടെയും ചുമതല കുടുംബശ്രീ പ്രവർത്തകർക്കാണ്.  ഇവരാണ് ട്രാൻ്സ്ജെന്റർ ജീവനക്കാരെ തിരഞ്ഞെടുത്തതും, വേതനം നൽകുന്നത്. കെഎംആർഎൽ നൽകുന്ന തുക ജീവനക്കാർക്ക് വീതിച്ച് നൽകുകയാവും ചെയ്യുകയെന്ന് കെഎംആർഎൽ അധികൃതർ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ടിക്കറ്റിംഗ്, പൂന്തോട്ട പരിപാലനം, ശുചീകരണം, ഉപഭോക്തൃ സേവനം എന്നീ മേഖലകളിലാണ് 23 പേർക്കും ജോലി ലഭിച്ചിരിക്കുന്നത്. ഇവർക്ക് പതിനായിരം രൂപയിൽ കൂടുതൽ വേതനം നൽകുമെന്നാണ് വിവരം. കുടുംബശ്രീ വിഭാഗക്കാരായ 530 പേർക്ക് പുറമേയാണ് ഇവർക്കും നിയമനം ലഭിച്ചിരിക്കുന്നത്.ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ