കൊച്ചി: യാക്കോബായ സഭയുടെ കീഴിലുള്ള പള്ളികള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രതിഷേധത്തിനൊരുങ്ങി കേരളത്തിലെ യാക്കോബായ സഭ. കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് രണ്ടാം കൂനന്‍കരിശു സത്യം നടത്തും. യാക്കോബായ സഭയുടെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും മറ്റു മെത്രാപ്പോലീത്തമാരും രണ്ടാം കൂനന്‍കുരിശു സത്യത്തിനു നേതൃത്വം നല്‍കും.

മാര്‍ത്തോമാ ചെറിയ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിങ്കല്‍ നിന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ സത്യവിശ്വാസ പ്രഖ്യാപനം ചൊല്ലിക്കൊടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ യാക്കോബായ വിശ്വാസികള്‍ രണ്ടാം കൂനന്‍കുരിശു സത്യത്തില്‍ പങ്കെടുക്കുമെന്ന് കാതോലിക്കാ ബാവ വ്യക്തമാക്കി. കബറില്‍ നിന്നു പടിഞ്ഞാറ് കല്‍ക്കുരിശുവരെ ശ്രേഷ്ഠ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും കൈകള്‍ കോര്‍ത്തുപിടിച്ചു വിശ്വാസ പ്രഖ്യാപനം നടത്തുമ്പോള്‍ വിശ്വാസികള്‍ പടിഞ്ഞാറ് കല്‍ക്കുരിശില്‍ നിന്ന് ആലാത്തുകെട്ടി ഏറ്റു ചൊല്ലും. യാക്കോബായ സഭയുടെ പള്ളികള്‍ ഒന്നിനു പിന്നാലെ ഒന്നായി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാക്കോബായ സഭ വ്യത്യസ്തമായ പ്രതിരോധം തീര്‍ക്കാനൊരുങ്ങുന്നതെന്നു സഭാ നേതൃത്വം വ്യക്തമാക്കി. ഇനി ഒരു പള്ളിയും മറുവിഭാഗത്തിനു വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നും രണ്ടാം കൂനന്‍കുരിശു സത്യത്തില്‍ പ്രഖ്യാപിക്കും. അന്ത്യോഖ്യാ വിശ്വാസം പിന്തുടരാനും രാജ്യത്തെ ഭരണഘന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന ആവശ്യം അധികാരികളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്താനാണ് രണ്ടാം കൂനന്‍കുരിശു സത്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സഭാധികൃതര്‍ പറഞ്ഞു.

കേരള സഭാചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളിലൊന്നായിരുന്നു ‘കൂനന്‍ കുരിശുസത്യമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. കേരളത്തിലെ മാര്‍ത്തോമാ സുറിയാനി സഭയുടെ ചരിത്രത്തില്‍ പിളര്‍പ്പിനിടയാക്കി സംഭവം കൂടിയായി ഇതിനെ പരിഗണിക്കപ്പെടുന്നു. കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളെ ലത്തീന്‍ റീത്തിലേക്ക് പറിച്ചുനടാന്‍ പോര്‍ച്ചുഗീസ് അധികാരികളും അവരുടെ സഹായത്തോടെ ഈശോസഭ സന്യാസികളും നടത്തിയ ശ്രമങ്ങള്‍ക്കെതിരായ വിശ്വാസികളുടെ പ്രതിഷേധമായിരുന്നു കൂനന്‍കുരിശു സത്യം. നീണ്ട കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ സിറിയന്‍ പാത്രിയര്‍ക്കീസ് കേരളത്തിലേക്ക് സുറിയാനി കത്തോലിക്കരുടെ മെത്രാനായി അയച്ച മാര്‍ അഹത്തുള്ള എന്ന സന്യാസിയെ കേരളത്തില്‍ കാലുകുത്താന്‍പോലും അനുവദിക്കാതെ ഈശോസഭ വൈദികരും പോര്‍ച്ചുഗീസ് ഭരണാധികാരികളും കൂടി തിരിച്ചയച്ചു.1652 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. മദ്രാസിലായിരുന്നു തെക്കേ ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹം അക്കാലത്തു താമസിച്ചിരുന്നത്.

സിറിയന്‍ പാത്രിയര്‍ക്കീസുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന സുറിയാനി ക്രൈസ്തവര്‍ പുതിയ മെത്രാനെ സ്വീകരിക്കാനുള്ള തയാറെടുപ്പിനിടെയാണ് ഈശോ സഭാ വൈദികര്‍ കൊച്ചിയില്‍ കപ്പലിറങ്ങാന്‍ അനുവദിക്കാതെ അദ്ദേഹത്തെ തിരിച്ചയച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്. അന്ന് കൊച്ചിയിലെ ആര്‍ച്ച് ബിഷപ് ഗാര്‍സ്യായായിരുന്നു ഇത്തരത്തില്‍ അഹത്തള്ളയെ തിരിച്ചുവിട്ടതിനു പിന്നിലെന്നും വിശ്വാസികള്‍ മനസിലാക്കി. ഇതിനെത്തുടര്‍ന്ന് മാർത്തോമ ക്രിസ്ത്യാനികള്‍ രോഷാകുലരായി. 1653 ജനുവരി മൂന്നിനു മട്ടാഞ്ചേരി പള്ളിയില്‍ ഒന്നിച്ചുകൂടിയ വിശ്വാസികള്‍ അഹത്തുള്ളയെ തങ്ങളുടെ മെത്രാനായി അംഗീകരിക്കണമെന്ന ആവശ്യമുന്നയിച്ചു. ഇതിനിടെ മാര്‍പാപ്പയുടെ കല്‍പ്പന പ്രകാരമെത്തിയ പാത്രിയര്‍ക്കീസിനെ കാണാന്‍ പോലും വിശ്വാസികളെ അനുവദിക്കാതിരുന്ന ഗാര്‍സ്യാ മെത്രാപ്പൊലീത്തയെയും അദ്ദേഹത്തിന്റെ സന്യാസസഭയിലെ ഈശോസഭാ വൈദികരെയും അംഗീകരിക്കില്ലെന്ന് ജനക്കൂട്ടം ഉച്ചസ്വരത്തില്‍ നിലപാടെടുത്തു. തങ്ങളുടെ ഒപ്പമുള്ള തോമ്മാ ആര്‍ച്ചുഡീക്കനെ മലബാര്‍ സഭയുടെ ഗവര്‍ണറായി പ്രഖ്യാപിക്കണമെന്നും വിശ്വാസികള്‍ ആവശ്യമുന്നയിച്ചു.

മട്ടാഞ്ചേരി പള്ളിയില്‍ കൂടിയ വിശ്വാസികള്‍ കത്തിച്ച തിരികളും വേദപുസ്തകവും കുരിശും പിടിച്ചു പ്രതിജ്ഞയെടുത്തെന്നും, ഇതാണ് ചരിത്ര പ്രസിദ്ധമായ കൂനന്‍കുരിശു സത്യമെന്നും, ജനക്കൂട്ടം പള്ളിക്കു മുന്നിലുള്ള വലിയ കല്‍കുരിശില്‍ വടംകെട്ടി അതില്‍ തൊട്ടുനിന്നുകൊണ്ടാണ് സത്യം ചെയ്തതെന്നും രണ്ടു വിലയിരുത്തലുകളുണ്ട്. വിശ്വാസികള്‍ വടത്തില്‍ പിടിച്ചു നിന്നതോടെ കുരിശ് മുന്നോട്ട് ചാഞ്ഞെന്നും അങ്ങനെയാണ് ‘കുനന്‍കുരിശ്’ സത്യം എന്ന പേരില്‍ അറിയപ്പെട്ടതെന്നും പറയപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.