/indian-express-malayalam/media/media_files/uploads/2023/05/Antony-Raju.jpg)
ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ബസ്സുകൾക്ക് ഉൾപ്പടെ നിയമം ബാധകമായിരിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. നിയമം പാലിക്കാത്ത വാഹനങ്ങൾ പിഴ ഒടുക്കേണ്ടി വരും. സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ ഇനിയും ഇളവ് നൽകാൻ കഴിയില്ലെന്നം മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, എ ഐ ക്യാമറ സ്ഥാപിച്ച ശേഷമുള്ള വാഹനാപകടങ്ങളുടെ, ഹൈക്കോടതിയിൽ നൽകിയ കണക്കുകളിൽ തെറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയിലും നിയമസഭയിലും നൽകിയ കണക്കുകൾ കൃത്യമാണെന്നും, ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി എ ഐ ക്യാമറ ഘടിപ്പിച്ചതിന് ശേഷം 62.67 ലക്ഷം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 14.88 കോടി രൂപയാണ് ഇതുവഴി സർക്കാരിന് പിരിഞ്ഞ് കിട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. എ ഐ ക്യാമറ പ്രവർത്തനം ആരംഭിച്ച ജൂൺ മാസത്തിലാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജൂണിൽ മാത്രം സംസ്ഥാനത്ത് 18.77 ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങളാണ് സംസ്ഥാനത്ത് നടന്നത്.
ജൂലൈ മാസത്തിൽ ഇക്കാര്യത്തിൽ അഞ്ച് ലക്ഷത്തിന്‍റെ കുറവ് ഉണ്ടായി. ജൂലൈയിൽ 13.63 ലക്ഷം ഗതാഗത നിയമലംഘനങ്ങൾ മാത്രമാണ് എ ഐ ക്യാമറ കണ്ടെത്തിയത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ വീണ്ടും നിയമലംഘനങ്ങൾ കൂടി. ഓഗസ്റ്റിൽ നിയമ ലംഘനങ്ങളുടെ 16.89 ലക്ഷം ക്യാമറ ക്ലിക്കുകളാണ് എ ഐയിൽ പതിഞ്ഞത്. എന്നാൽ സെപ്തംബർ മാസത്തിൽ വീണ്ടും ഗതാഗത നിയമ ലംഘനങ്ങൾ കുറയുകയായിരുന്നു. സെപ്തംബറിൽ 13.38 ലക്ഷം ഗതാഗത നിയമലംഘനങ്ങൾ മാത്രമാണ് എ ഐ ക്യാമറയിൽ പതിഞ്ഞത്.
സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുകയാകും ഇതുവഴി എത്തുക. ജൂൺ 5 മുതൽ സെപ്റ്റബർ 30 വരെയുള്ള കാലയളവിൽ എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്കായി 102 കോടിയിലധികം ചെല്ലാനാണ് ഗതാഗത വകുപ്പ് നൽകിയിട്ടുള്ളത്. എ ഐ ക്യാമറകൾ വഴി വിഐപി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം. എംപി, എംഎൽഎ എന്നിവരുടെ നിയമലംഘനങ്ങൾ 56 തവണയാണ് കണ്ടെത്തിയതെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്. എ ഐ ക്യാമറ വന്നതിന് ശേഷം ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞെന്നും മന്ത്രി വിവരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.