നിലമ്പൂർ: ഉരുൾപൊട്ടൽ മഹാദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. കവളപ്പാറയിൽ നിന്ന് 13 പേരെയും പുത്തുമലയിൽ നിന്ന് അഞ്ച് പേരെയും കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്നാണ് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്

Also Read: ദുരിതഭൂമിയിലെ ദുരന്തങ്ങള്‍; കവളപ്പാറയില്‍ നിന്നും പുരോഹിതരുടെ ‘ഗ്രൂപ്പ് സെല്‍ഫി’, പ്രതിഷേധം ശക്തം

വയനാട് പുത്തുമലയിൽ കാണാതായ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുത്തുമലയിൽ തിരച്ചിൽ പൂർണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്, ഈ സാഹചര്യത്തിലാണ് തിരച്ചിൽ സൂചിപ്പാറയിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.

കവളപ്പാറയിൽ നിന്ന് ഇനിയും 13 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഹൈദരാബാദില്‍നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചില്‍ ഫലം കണ്ടിരുന്നില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസമായത്.

Also Read: കേന്ദ്രത്തോട് 2000 കോടി അടിയന്തര വായ്പ ആവശ്യപ്പെട്ട് കേരളം

അതേസമയം, സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രത്തോട് കേരളം അടിയന്തര വായ്പ ആവശ്യപ്പെട്ടു. ഹ്രസ്വകാല വായ്പ ഇനത്തില്‍ 2000 കോടി രൂപ 3 ശതമാനം പലിശ നിരക്കില്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ ഡിസംബര്‍ 31 വരെയാണ് കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടണമെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.