കാസര്‍കോട്: പാണത്തൂരില്‍ വ്യാഴാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ നാലു വയസ്സുകാരി സന ഫാത്തിമയ്ക്കായി കുടുംബവും നാട്ടുകാരും ഉള്ളുരുകി പ്രാര്‍ത്ഥനയില്‍. വീടിന് സമീപത്തെ ചെറിയ തോട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി പുഴയിലേക്ക് ഒഴുകിപ്പോയതായാണ് സംശയിക്കുന്നത്. തോടിന് സമീപത്ത് നിന്നും കുട്ടിയുടെ ചെരിപ്പും, കുടയും കണ്ടെത്തിയിരുന്നു. തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ കുട്ടി അപകടത്തില്‍പെട്ടുവെന്ന സംശയമാണ് നിലനില്‍ക്കുന്നത്.

അങ്കണവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ശേഷം മാതാവ് ഹസീന വീട്ടിനകത്തേക്ക് പോവുകയായിരുന്നു. അല്‍പ്പം കഴിഞ്ഞ് നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായത്. ഹസീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അപ്പോള്‍ തന്നെ ഓടയിലും പുഴയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഓടയില്‍ നിന്നും ഒഴുക്കിപ്പോകുന്ന വെള്ളം പാണത്തൂര്‍ പുഴയിലേക്ക് ചേരുന്നതിനാല്‍ കുട്ടി പുഴയിലേക്ക് ഒഴുകിപ്പോയിരിക്കാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Sana

അതിനിടെ, ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പൊലീസ് ആ വഴിക്കും അന്വേഷിച്ചുവരികയാണ്. ഇതിനിടയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതും അന്വേഷണത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്തായാലും പോലീസ് കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ സ്‌റ്റേഷനിലേക്കും ഫോട്ടോ ഉള്‍പ്പെടെ സന്ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ