മാനന്തവാടി: കുറുക്കൻമൂലയെ ഭീതിയിലാഴ്ത്തിയ കടുവ പതിങ്ങിയിരിക്കുന്ന സ്ഥലം കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുവ നിരീക്ഷണ വലയത്തിലാണെന്നും മയക്കു വെടി വച്ച് പിടികൂടാനാണ് പദ്ധതിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മയക്കു വെടി വയ്ക്കുന്ന സംഘം വനത്തില്‍ തന്നെ തുടരുകയാണ്. ഇവര്‍ കടുവയെ കണ്ടെത്തിയെങ്കിലും കൃത്യമായൊരു ദൂരത്ത് ലഭിക്കാത്തതിനാല്‍ മയക്കു വെടി വയ്ക്കാന്‍ സാധിച്ചിരുന്നില്ല.
കുറുക്കൻമൂലയിലെ പതിനേഴോളം വളർത്തുമൃഗങ്ങളെ കൊന്ന കടുവ, പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിൽ എവിടെയ്ക്കോ നീങ്ങിയെന്നായിരുന്നു നിഗമനം. ഇവിടങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തുന്നതിനിടയിലാണ് കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്.
കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് ഇന്ന് സ്വീകരിച്ചേക്കും. ജനവാസ മേഖലകളിൽനിന്ന് കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും വനംവകുപ്പ് സംശയിക്കുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ മാനന്തവാടി നഗരസഭയിലെ എട്ട് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.
അതേസമയം, കടുവയെ പിടികൂടാത്തതിൽ ക്ഷുഭിതരായി പ്രതിഷേധിച്ച നാട്ടുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് ഇന്നലെ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു. ഇന്നലെ പുലർച്ചെ നാട്ടുകാരിൽ ചിലർ കടുവയെ നേരിൽ കണ്ടിരുന്നു. ഇത് വനം വകുപ്പിനെ അറിയിച്ചെങ്കിലും കാര്യമായി തിരച്ചിൽ നടത്തിയില്ലെന്ന നാട്ടുകാരുടെ പരാതിയിന്മേൽ ചർച്ച നടക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.
നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാലിനെ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് ആരോപണം. സംഘർഷത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ അരയിൽ കരുതിയ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു.
Also Read: തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു
ഇതിനിടയിൽ കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തെഴുതി. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരത്തുക കൂട്ടണമെന്നും എംപി ആവശ്യപ്പെട്ടു.