കൽപ്പറ്റ: ദിവസങ്ങളായി മാനന്തവാടി കുറുക്കൻമൂലയെയും സമീപപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവിട്ടത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ.
കുറുക്കൻമൂലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ഇതുവരെ 15 ഓളം മൃഗങ്ങളെയാണ് കൊന്നത്. മുറിവേറ്റ കടുവ കാട്ടിൽ ഇരതേടാൻ കഴിയാതെ നാട്ടിലേക്ക് ഇറങ്ങിയതാണെന്നാണ് ഇപ്പോഴത്തെ നിഗമനം. വനംവകുപ്പും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് കടുവക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം മയക്കുവെടിവെച്ചും കൂടുസ്ഥാപിച്ചും കടുവയെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. തുടർന്ന് രണ്ടു കുങ്കിയാനകളെ എത്തിച്ച് അവയുടെ സഹായത്തോടെയാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും നടത്തുന്നുണ്ട്.
കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനും പാൽ, പത്ര വിതരണത്തിനും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. രാത്രിയിൽ പുറത്തിറങ്ങരുതെന്നും വീടിനു സമീപമുള്ള കാടുകൾ വെട്ടി തെളിക്കണമെന്നും ജനങ്ങൾക്ക് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് പക്ഷിപ്പനി; കോട്ടയത്തും ആലപ്പുഴയിലും സ്ഥിരീകരിച്ചു