തിരുവനന്തപുരം: ഓഖിക്കുശേഷം കേരളത്തിലെ കടലുകൾ വീണ്ടും കലിതുള്ളി തുടങ്ങിയിരിക്കുന്നു. ഇന്നലെ ഉണ്ടായ ശക്തമായ കടൽ പ്രേക്ഷോഭത്തിൽ കേരളത്തിൽ വൻനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, വലിയതുറ, ശംഖുമുഖം, കോഴിക്കോട്, കണ്ണൂർ, കൊച്ചി, കൊല്ലം, കാസർകോട് എന്നിവിടങ്ങളിൽ തിരമാലകൾ ആഞ്ഞടിച്ചതോടെ തീരദേശ വാസികൾ പരിഭ്രാന്തിയിലാണ്.

കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളമായി ഉണ്ടായിരിക്കുന്നത്. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനമില്ലായെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഇന്നലെ തൃശൂർ അഴീക്കോടിൽ കടൽക്ഷോഭത്തിൽ പെട്ട് അശ്വിനി എന്ന പെൺകുട്ടിയെ കാണാതായിരുന്നു. ഇന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണാൻ ബന്ധുക്കളോടൊപ്പം എത്തിയതായിരുന്നു യുവതി. കടലിൽ മുട്ടിനൊപ്പം വെള്ളത്തിൽ നിൽക്കുന്നതിനിടെ ആണ് തിരമാല ആഞ്ഞടിച്ചത്. അടുത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് പ്രതാപൻ എല്ലാവരെയും വലിച്ചുകയറ്റിയെങ്കിലും നിമിഷങ്ങൾക്കകം വീണ്ടും തിരമാല ആഞ്ഞടിച്ചു. ഇതോടെ അശ്വിനി പിടിവിട്ട് ഒഴുകിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി ദൃശ്യ (22) യെ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു.

കേരള തീരത്ത് 2.5-3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മീൻപിടുത്തക്കാരും തീരദേശനിവാസികളും ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.