കൊച്ചി: സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. പുലിമുട്ടുകളില്ലാത്ത ചെല്ലാനം മേഖലയിലാണ് കടലാക്രമണം കൂടുതല്‍ നാശം വിതക്കുന്നത്. ഇതിനിടെ കൊല്ലം തങ്കശ്ശേരിയില്‍ 17കാരനെ തിരയിൽ പെട്ട് കാണാതായി. ആഷിഖിനെയാണ് കാണാതായത്. തിങ്കളാഴ്ച കടലുണ്ടിയില്‍ തിരയില്‍ പെട്ട് കാണാതായ 17കാരന്‍ മുസമ്മലിന്റെ മൃതദേഹം കണ്ടെത്തി.

എറണാകുളത്ത് പശ്ചിമ കൊച്ചി ഭാഗത്തും രൂക്ഷമായ കടലാക്രമണം തുടരുകയാണ്. കമ്പനിപ്പടി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടത്തും കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജിയോ ബാഗുകളില്‍ മണല്‍ നിറച്ചാണ് ഒരു പരിധിവരെയെങ്കിലും ആഞ്ഞടിക്കുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ കഴിയുന്നത്.

ജില്ലയുടെ തീരദേശപ്രദേശങ്ങളായ വൈപ്പിന്‍, ഞാറക്കല്‍ പ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്. ഇവിടെയും നിരവധി വീടുകളില്‍ വെള്ളം കയറി. സാധാരണ കാലവര്‍ഷം ശക്തി പ്രാപിച്ചതിന് ശേഷമാണ് കടലാക്രമണം രൂക്ഷമാകാറുള്ളത്. ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടലാക്രമണം ശക്തിപ്രാപിച്ചത് തീരദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആരംഭിച്ച കടലാക്രമണം പൊന്നാനി താലൂക്കില്‍ രൂക്ഷമായി. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എംഇഎസിന് പിറകുവശം, മുറിഞ്ഞഴി, പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.

വേലിയേറ്റ സമയമായ ഉച്ചമുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏത് നിമിഷവും, നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്. പലരും, കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ചാക്കുകളില്‍ മണല്‍ നിറച്ച് വീടിന് മുന്നില്‍ ഇടുന്നുണ്ടെങ്കിലും, ശക്തമായ തിരയില്‍ ഇവയും കടലെടുക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.