തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും കാറ്റും ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കാൻ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. അണക്കെട്ടുകളിലെ ജലനിരപ്പ് പരിശോധിച്ച് സ്ഥിതി വിലയിരുത്താനാണ് ശ്രമം. മുന്നൊരുക്കം നടത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകി.

കേരളത്തിൽ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്ന് വിടണോ എന്ന് ഇന്ന് തീരുമാനിക്കും. കേന്ദ്രസേനാ വിഭാഗങ്ങളോട് സുസജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാനും ആവശ്യപ്പെടും.

മഹാപ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് സംസ്ഥാനം കരകയറുന്നതിന് മുൻപാണ് ന്യൂനമർദ്ദത്തിന്റെ ഭീതിയും വന്നിരിക്കുന്നത്. അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഞായറാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറും. ഇന്ന് മുതൽ തന്നെ ശക്തമായ മഴയുണ്ടാകും.

മഴ: മണിയാർ ഡാമിന്റെ ഷട്ടർ ഉയർത്തും; നെല്ലിയാമ്പതിയിലേക്കും യാത്രാ വിലക്ക്

ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഒക്ടോബർ ഏഴിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റി ഇന്നലെ തന്നെ അടിയന്തര യോഗം ചേർന്ന് ജാഗ്രത നിർദേശം നൽകി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നാളെയോടെ ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം ജനങ്ങൾ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി ഇന്നലെ തന്നെ പറഞ്ഞിരുന്നു.

നാളെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. നെല്ലിയാമ്പതിയിലേക്ക് പോകുന്നതിനും വിലക്കുണ്ട്. മലയോര മേഖലകളിലേക്കുളള യാത്രകൾ എല്ലാം ഒഴിവാക്കാനാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്. രാത്രിയാത്രയും ഒഴിവാക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.