തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്നും ശക്തമായ ചൂടിന് സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. കണ്ണൂരും കാസര്‍കോടും പാലക്കാടും താപനില ഇന്നലെ 40 ഡിഗ്രി കടന്നിരുന്നു. അന്തരീക്ഷത്തിലെ എതിര്‍ച്ചുഴിയാണ് ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും പകല്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. എന്നാല്‍ ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല
മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് കഠിനമായ ചൂട് അനുഭവപ്പെടുന്നത്. കോട്ടയം, എറണാകുളം ജില്ലകളില്‍ പകല്‍ താപനില 38 ഡിഗ്രി സെല്‍സിയസിലേക്ക് ഉയര്‍ന്നു. 40 ഡിഗ്രി സെല്‍സിയസിന് മുകളിലാണ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ചൂട്. അതേസമയം, സംസ്ഥാനത്തെ ശരാശരി പകല്‍ താപനില 35 ഡിഗ്രിയാണ്. പകല്‍ പുറത്ത് ജോലിചെയ്യുന്നവരും യാത്ര ചെയ്യുന്നവരും സൂര്യാതപവും നിര്‍ജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കണ്ണൂരിലെ ഇരിക്കൂറിലാണ്. 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എരിമയൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യസും കാസര്‍കോട് പാണത്തൂരില്‍ 40.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.