കൊച്ചി: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ബാഗും കുടയുമൊക്കെയായി കുട്ടികള്‍ ഇന്ന് സ്‌കൂളിലേക്ക്. സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തിലധികം കുട്ടികള്‍ ഒന്നാം ക്ലാസിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് നടക്കും.

അതേസമയം, നിപ്പ വൈറസ് പടരുന്നത് കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. കോഴിക്കോട് അഞ്ചാം തീയതിയാണ് സ്‌കൂള്‍ തുറക്കുക. മലപ്പുറത്ത് ജൂണ്‍ ആറാം തീയതിയും സ്‌കൂള്‍ തുറക്കും.

പൊതുവേ തിങ്കളാഴ്‌ചയോ ബുധനാഴ്‌ചയോ ആണ് സ്‌കൂള്‍ തുറക്കാറുളളത്. എന്നാല്‍ ഇത്തവണ ആ കീഴ് വഴക്കത്തിന് മാറ്റം വരുത്തിക്കൊണ്ട് വെള്ളിയാഴ്‌ചയാണ് സ്‌കൂള്‍ തുറക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളൊക്കെ പ്രവേശനോത്സവത്തിന്റെ തയ്യാറെടുപ്പുകളിലാണ്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും പ്രവേശനോത്സവം നടക്കും. സ്‌കൂളുകളും മുതിര്‍ന്ന വിദ്യാര്‍ത്ഥികളും പുതിയ കൂട്ടുകാരെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. കരച്ചിലും ആകാംക്ഷയും അമ്പരപ്പുമെക്കെയായി കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക് എത്തുന്നത് കാണാനായും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ