തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെ ഒരേ ദിവസമാണ് ക്ലാസ് തുടങ്ങുന്നത്. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃശൂരില്‍ വച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അതേസമയം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഹയര്‍സെക്കണ്ടറി അധ്യാപകര്‍ സ്‌കൂളുകളിലെത്തുക.

മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം കൂട്ടാന്‍ ഇത്തവണയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Read More: സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം

നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ക്ലാസ് തുടങ്ങുന്നത്. ഒന്നു മുതല്‍ പ്ലസ് ടു വരെ ഒറ്റ ഡയറക്റ്ററേറ്റിന് കീഴിലാക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ജൂണ്‍ ഒന്നിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. ഹൈസ്‌ക്കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി പ്രിന്‍സിപ്പലും, വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എല്‍ പി, യു പി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.

Read More: നിപ; എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടില്ല

പ്രവേശനോത്സവ പരിപാടികള്‍ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിയിരുന്നു. മന്ത്രിസഭ അംഗീകരിച്ച ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ് എംഎല്‍എമാരും എംപിമാരും ജൂണ്‍ ആറിന് നടക്കുന്ന പ്രവേശനോത്സവം ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസയമം നിപ രോഗബാധയുടെ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കേണ്ട ആവശ്യം നിലവില്‍ ഇല്ല എന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള കഴിഞ്ഞദിസവം വ്യക്തമാക്കി. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. രോഗം വരാതിരിക്കാനും പടരാതിരിക്കാനും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. തൃശൂര്‍ ജില്ലയിലെ സ്‌കൂളുകളും എന്നു തന്നെ തുറക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.