തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതു ഇനിയും വെെകും. ജൂലെെ അവസാനം വരെ സ്‌കൂളുകൾ തുറക്കരുതെന്നാണ് കേന്ദ്ര നിർദേശം. എന്നാൽ, ജൂലെെ കഴിഞ്ഞാലും സ്‌കൂളുകൾ തുറന്ന് സാധാരണ രീതിയിൽ അധ്യയനം ആരംഭിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നതാണ് വലിയ ആശങ്കയ്‌ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകൾ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കുക.

ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകൾ ഓണത്തിനു ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതും പരിഗണനയിലാണ്. സംസ്ഥാനത്ത് എല്ലായിടത്തും രോഗവ്യാപനം ഒരുപോലെയല്ല. രോഗവ്യാപനം കുറവുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറക്കുന്നതും ആലോചനയിലുണ്ട്.

Read Also: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക

എന്നാൽ, സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്‌കൂളുകൾ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസവകുപ്പ് ആലോചിക്കൂ. നിലവിൽ ഇങ്ങനെയൊരു വിഷയം പരിഗണനയിലില്ല. പല സ്‌കൂളുകളും കോവിഡ് ചികിത്സയ്‌ക്കും ക്വാറന്റെെനുമായി ഉപയോഗിക്കുന്നുണ്ട്. മഴ കനത്താൽ പലയിടത്തും സ്‌കൂളുകളാണ് ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുക. ഇത്തരം വിഷയങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും സ്‌കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുക. സംസ്ഥാനത്തിപ്പോൾ ഓൺലെെൻ ക്ലാസുകൾ നടക്കുന്നുണ്ട്. വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം നടക്കുന്നത്. എന്നാൽ, ഓൺലെെൻ അധ്യയനത്തിനു ന്യൂനതകളുണ്ടെന്നാണ് പല മാതാപിതാക്കളും അഭിപ്രായപ്പെടുന്നത്.

അതേസമയം, സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതുക്കിയ മാനദണ്ഡം പ്രഖ്യാപിച്ചേക്കും. ജൂലെെ വരെ അടഞ്ഞുകിടക്കണം എന്നതു ഓഗസ്റ്റിലേക്ക് നീട്ടാനാണ് സാധ്യത. രാജ്യത്തും കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഓഗസ്റ്റോടെ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.