തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്‌കൂളുകൾ തുറക്കാൻ ധാരണയായത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുത്തു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കും. മാർച്ച് 17 മുതലാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 30 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ പൂർത്തിയാക്കണം. ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് ഭാഗികമായി സ്‌കൂളുകൾ പ്രവർത്തിച്ചു തുടങ്ങും. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താം.

ഒൻപത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്.

എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും.

പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂൾ തലത്തിൽ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികൾക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും.

NTA JEE Main 2021: ജെഇഇ മെയിൻ 2021 ഫെബ്രുവരി 23 മുതൽ; മലയാളം അടക്കം 13 ഭാഷകളിൽ

സ്കൂള്‍, ഹയര്‍സെക്കൻഡറി തലത്തിലെ എല്ലാ ക്ലാസുകളും കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി നടക്കുകയാണ്. അതു സാധാരണ നിലയിൽ തുടരാം.

കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ഥികളെവച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.

കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ.ശൈലജ, സി.രവീന്ദ്രനാഥ്, ഡോ.കെ.ടി.ജലീല്‍, വി.എസ്.സുനില്‍കുമാര്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങിയവര്‍പങ്കെടുത്തു.

ഒൻപത് വരെയുള്ള ക്ലാസുകളുടെ കാര്യം പിന്നീടേ തീരുമാനിക്കൂ. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒൻപത് വരെയുള്ള ക്ലാസുകളിൽ എല്ലാവർക്കും ഓൾപാസ് നൽകിയേക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒൻപതാം ക്ലാസ് വരെയുള്ളവർക്ക് സ്‌കൂളുകളിൽ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.