scorecardresearch
Latest News

സ്‌കൂളുകളിൽ വാക്സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വാക്സിൻ നൽകുക രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം

സംസ്ഥാനത്ത് 8.14 ലക്ഷം കുട്ടികൾക്കാണ് വാക്സിനേഷന് അർഹതയുള്ളത്. നിലവിൽ 51 ശതമാനം കുട്ടികള്‍ക്ക് വാക്സിൻ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു

v shivankutty, ldf, ie malayalam
ഫയൽ ചിത്രം

തിരുവനന്തപുരം: സ്‌കൂളുകളിൽ കുട്ടികൾക്ക് ജനുവരി 19 മുതൽ വാക്സിൻ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 8.14 ലക്ഷം കുട്ടികൾക്കാണ് വാക്സിനേഷന് അർഹതയുള്ളത്. നിലവിൽ 51 ശതമാനം കുട്ടികള്‍ക്ക് വാക്സിൻ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷന് അർഹതയുള്ള 500 കുട്ടികളുള്ള സ്കൂളുകളാണ് വാക്സിനേഷൻ കേന്ദ്രങ്ങളായി പരിഗണിക്കുന്നത്. സംസ്ഥാനത്ത് അത്തരത്തില്‍ 967 സ്‌കൂളുകളാണ് വാക്സിനേഷൻ കേന്ദ്രങ്ങളാക്കുക. ഇവിടെ വാക്‌സിന്‍ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. വാക്സിൻ നൽകിയ ശേഷം വിശ്രമിക്കാൻ പ്രത്യേക മുറികളും അടിയന്തര സാഹചര്യങ്ങള്‍ക്കായി ആംബുലന്‍സ് സര്‍വീസും ഒരുക്കും. രക്ഷകര്‍ത്താക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിനേഷൻ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനായി സ്കൂളുകളിൽ നാളെ പിടിഎ യോഗം ചേരും. ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് സ്‌കൂള്‍ അധികൃതര്‍ നേരത്തെ തയ്യാറാക്കുകയും കുട്ടികളെ നേരത്തെ സമയം അറിയിക്കുകയും ചെയ്യും. വാക്‌സിനേഷന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.

ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന വാക്‌സിനേഷന്‍ ടീമാണ് വാക്സിനേഷൻ നടപടികൾ നോക്കുക. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും.

Also Read: ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Schools are ready for vaccination says v sivankutty