scorecardresearch

സ്കൂളുകള്‍ തുറന്നു; സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

എട്ട്, ഒന്‍പത് ക്ലാസുകള്‍ ഒഴികെയുള്ളവര്‍ക്കാണ് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്നത്

സ്കൂളുകള്‍ തുറന്നു; സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
ഫൊട്ടോ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: കോവിഡ് മഹാമാരി നല്‍കിയ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായെങ്കിലും അതീവ ജാഗ്രതയോടെയാണ് സ്കൂളുകള്‍ തുറന്നിരിക്കുന്നത്.

“കുറച്ച് രക്ഷിതാക്കള്‍ക്കെങ്കിലും കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതില്‍ ആശങ്കയുണ്ട്. ഒരു കാര്യം സംസ്ഥാന സര്‍ക്കാരിനു വേണ്ടി പറയട്ടെ. കേരളത്തിലെ ഗവണ്‍മെന്റ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പമുണ്ട്. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഏത് പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യാനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്,” വി. ശിവന്‍കുട്ടി പറഞ്ഞു.

വിവിധ ജില്ലകളില്‍ 15,452 സ്കൂളുകളിലായി 42 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ മൂന്നിലൊന്ന് പേരായിരിക്കും സ്കൂളുകളില്‍ ഇന്ന് എത്തുക. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. കോവിഡ് സാഹചര്യം പരിഗണിച്ച് സ്കൂളില്‍ പ്രത്യേക സിക് റൂം, സഹായത്തിനായി മാനസികാരോഗ്യ വിദഗ്ധര്‍ തുടങ്ങി കരുതല്‍ നടപടികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്.

ആദ്യ രണ്ട് ആഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. എട്ട്, ഒന്‍പത് ക്ലാസുകള്‍ ഒഴികെയുള്ളവര്‍ക്കാണ് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്നത്. എട്ട്, ഒന്‍പത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നവംബര്‍ 15-ാം തീയതി മുതലാണ്. കോവിഡ് ഭീതി മൂലം വലിയൊരു വിഭാഗം രക്ഷകര്‍ത്താക്കള്‍ ആശങ്കയിലാണ്. പലരും കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ തയാറല്ല.

വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ ആദ്യ ആഴ്ചകളില്‍ സ്കൂളില്‍ വരേണ്ടതില്ലെന്നാണ് നിര്‍ദേശം. സംസ്ഥാനത്തുടനീളം 2282 അധ്യാപകരും 327 അനധ്യാപകരും കുത്തിവയ്പ്പെടുത്തിട്ടില്ല. ബയോ ബബിള്‍ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍ നടക്കുക. സ്കൂളുകളില്‍ മാസ്ക് ധരിക്കുന്നതില്‍ വിട്ടു വീഴ്ചയുണ്ടാകരുതെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

Also Read: സ്കൂൾ തുറക്കുന്നു, വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: School reopening today in kerala

Best of Express