തിരുവനന്തപുരം: നവംബര്‍ ഒന്നാം തീയതി സ്കൂള്‍ തുറക്കുന്നതോടെ മുന്‍കരുതല്‍ നടപടികളും മാര്‍ഗരേഖയുമായി ആരോഗ്യ വകുപ്പ്. വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണെന്ന് മന്ത്രി നിര്‍ദേശിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്.
ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്. രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയിലൂടെ സ്‌കൂളുകള്‍ നന്നായി കൊണ്ടുപോകാനാകും. മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാര്‍ഗനിര്‍ദേശങ്ങള്‍
- ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.
- ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം മാത്രമേ സ്‌കൂളില്‍ എത്താവൂ.
- പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.
- മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക.
- യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
- ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
- കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
- അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
- ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം.
- പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുള്ളതല്ല.
- ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം രണ്ട് മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
- ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
- പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.
- ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.
- രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം.
- രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
- ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
- വിദ്യാര്‍ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.
- അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പരുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.
- കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
- വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
- മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.
Also Read: നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പരിഹസിക്കുന്നു; വിമര്‍ശനവുമായി സതീശന്‍
നവംബർ ഒന്നിന് നമ്മൾ ആദ്യഘട്ടമെന്ന നിലയിലാണ് സ്‌കൂളുകൾ തുറക്കുന്നത്. നവംബർ 15 നാണ് രണ്ടാം ഘട്ടം. വലിയ മുന്നൊരുക്കങ്ങളാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊതുസമൂഹവുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
24,300തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 204 സ്കൂളുകളിൽ ഇനിയും പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ ആകെ സ്‌കൂളുകൾ 15,452 ആണുള്ളത്. ജില്ലകളിൽനിന്ന് സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് ലഭിക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 446 ആണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 1,474 സ്‌കൂളുകളിൽ സ്‌കൂൾ ബസ്സുകൾ ഇനിയും പ്രവർത്തനക്ഷമമാക്കാൻ ഉണ്ട്. വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെയും അനദ്ധ്യാപകരുടെയും എണ്ണം 2609 ആണ്. 2282 അധ്യാപകർ വാക്‌സിനെടുത്തുവെന്നും 327 പേർ ഇനിയും വാക്സിനെടുക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ളത്. നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്.
നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ ഗ്രാൻഡ് ഇനത്തിൽ എസ്.എസ്.കെ. 11 കോടി രൂപ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അനുവദിച്ചിട്ടുണ്ട്. നവംബർ മാസത്തിനുള്ളിൽ ബാക്കി 11 കോടി രൂപ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ അക്കാദമിക്ആ വശ്യങ്ങൾക്കും ടോയ്‌ലറ്റ് മെയിന്റനൻസ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂൾ മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ തുക ഉടൻ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.