തിരുവനന്തപുരം: സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശം. ഈ മാസം 21-ാം തിയതിക്കകം ജില്ലാ കളക്ടർമാർക്കാണ് റിപ്പോർട്ട് നൽകേണ്ടത്. 22ന് ജില്ലാ കളക്ടർമാർ ക്രോഡീകരിച്ച റിപ്പോർട്ട് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണം. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് വകുപ്പ് മന്ത്രിക്ക് കൈമാറും.
ജില്ലാതലത്തിൽ ജനപ്രതിനിധികളുടേയും എല്ലാ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഏകോപനം മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി ചേരുന്ന യോഗങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, എൻആർഇജിഎസ്, കുടുംബശ്രീ എന്നിവരെ കൂടി ഉൾപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.
ജില്ലാതല ദുരന്ത നിവാരണ വിഭാഗം കുട്ടികളുടെ സുരക്ഷാ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. അധ്യാപകർക്കും ജീവനക്കാർക്കും രണ്ടുഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലാതലത്തിൽ വാക്സിൻ ഡ്രൈവ് ത്വരിതപ്പെടുത്തണം. മുന്നൊരുക്ക പ്രവർത്തനങ്ങളിൽ വ്യാപൃതരാവേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കണം. കുട്ടികളുടെ യാത്രാ സംവിധാനങ്ങളിലും പൊതുഇടങ്ങളിലും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും യോഗം നിര്‍ദേശിച്ചു.