തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കുമെന്നാണ് നിലവില്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് മാറ്റണമെന്നാണ് പ്രതിപക്ഷ നേതാവ് ഇന്ന് ആവശ്യപ്പെട്ടത്. മേയ് നാല്, അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുള്ളതിനാലാണ് സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.
നാല്, അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്കൂൾ തുറന്നശേഷം രണ്ട് ദിവസം സ്കൂളിനു അവധി നൽകേണ്ടിവരും. അതിനാൽ സ്കൂൾ തുറക്കുന്ന തീയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് കക്ഷിനേതാക്കൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന് കത്ത് നൽകിയിട്ടുള്ളതായും ചെന്നിത്തല പറഞ്ഞു.
ഹൈസ്കൂൾ – ഹയർ സെക്കൻഡറി ലയനം നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഇന്ന് നിയമസഭയിൽ അറിയിച്ചിരുന്നു. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന്റെ കീഴിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഹയർ സെക്കൻഡറി പ്രിൻസിപ്പിലാകും സ്കൂൾ മേധാവി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും. ഖാദർ കമ്മിറ്റിയുടെ 14 നിർദേശങ്ങളിൽ രണ്ടെണ്ണം ഉടൻ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സഭയിൽ പറഞ്ഞു.
Read More: ‘ലീഗിന് മസാല ബോണ്ട മാത്രമേ അറിയൂ’; നിയമസഭയില്‍ ഷംസീറിന്റെ പരിഹാസം
അധ്യാപനത്തിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ ഉദേശിക്കുന്നില്ലെന്നും ചൊവ്വാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്കൂള്‍ അധ്യാപകര്‍ ഹൈസ്കൂളിലും തന്നെയായിരിക്കും തുടര്‍ന്നും പഠിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു.