തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം പിൻവലിച്ചു. സ്കൂള്‍ കലോത്സവം ആഘോഷങ്ങള്‍ ഇല്ലാതെ തന്നെ നടത്തുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ തീരുമാനത്തില്‍ മാറ്റം.

നേരത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കാൻ  തീരുമാനിച്ചിരുന്നു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ (04-09-18) ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, കലോത്സവം, വിനോദ സഞ്ചാരവകുപ്പിന്റെ ആഘോഷ പരിപാടികൾ എന്നിവയടക്കമുള്ള പരിപാടികള്‍ മാറ്റിവച്ചാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്. ഇത്തരം ആഘോഷപരിപാടികൾക്കായി നീക്കിവച്ചിട്ടുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകണമെന്നുമാണ് സർക്കാർ​ ഉത്തരവിൽ പറഞ്ഞിരുന്നത്.

ചലച്ചിത്രോത്സവും സ്കൂൾ കലോത്സവും  മാറ്റിവച്ചത് പിൻവലിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. ആഘോഷങ്ങളുടെ പൊലിമ കുറച്ചാണെങ്കിലും ഇവ നടത്താതിരിക്കരുതെന്ന് വിവിധ കാരണങ്ങൾ ഉന്നയിച്ചാണ് ഇക്കാര്യം പറഞ്ഞത്.

സംഗീത നാടക അക്കാദമി മുന്‍ അദ്ധ്യക്ഷനായ സൂര്യാ കൃഷ്ണമൂര്‍ത്തിയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ ഏഴിന് ‘മേളകള്‍ക്ക് വിലങ്ങിടരുത്’ എന്ന തലക്കെട്ടില്‍ സൂര്യാ കൃഷ്ണമൂര്‍ത്തി മലയാള മനോരമയില്‍ ലേഖനം എഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന പിണറായി അദ്ദേഹത്തെ ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചത്.

“മലയാള മനോരമയിൽ എഴുതിയ  ലേഖനം വായിച്ചു. താങ്കള്‍ പറഞ്ഞതിനോട്‌ പൂര്‍ണമായും യോജിക്കുന്നു. ഏറ്റവും ചെറിയ തുകയ്ക്ക് കലോത്സവം നടത്താന്‍ തീരുമാനിക്കുകയാണ് എന്ന് പറഞ്ഞ് ഒരു മെസേജ് വരികയായിരുന്നു. പിണറായി വിജയന്‍ എന്ന പേരില്‍ മെസേജ് വന്നപ്പോള്‍ ആദ്യം അത്ര വിശ്വസിച്ചില്ല. പിന്നീട് അദ്ദേഹം ഫോണില്‍ വിളിക്കുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു,”  സൂര്യാ കൃഷ്ണമൂര്‍ത്തി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

സ്കൂള്‍ കലോത്സവത്തോടൊപ്പം രാജ്യാന്തര ചലച്ചിത്ര മേള അടക്കമുള്ള പരിപാടികള്‍ സമാനമായ രീതിയില്‍ നടത്താനുള്ള സാധ്യതകളെ കുറിച്ചും മുഖ്യമന്ത്രി ആരാഞ്ഞു. ചികിത്സ കഴിഞ്ഞ് ഈ മാസം 24ന് കേരളത്തില്‍ എത്തുന്നത് മുതല്‍ കാര്യങ്ങള്‍ നീക്കി തുടങ്ങുമെന്നും ഏത് വിധേനയും സ്കൂള്‍ കലോത്സവം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സൂര്യാ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

മാനുവല്‍ പരിഷ്കരണത്തിന് ശേഷം ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ