തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഈ മാസം 17ന് ചേരുന്ന കമ്മിറ്റി യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും ശേഷം കലോത്സവത്തിലെ മത്സരങ്ങളും വേദിയിലെ സമയക്രമങ്ങളും തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രളയത്തിന്റെ സാഹചര്യത്തില്‍ കലാ, കായിക, ശാസ്ത്ര മേളകള്‍ ആര്‍ഭാടമില്ലാതെ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. കുട്ടികളുടെ സര്‍ഗ ശേഷി തെളിയിക്കാനും മികച്ചവരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ മാത്രമായി കലോത്സവം മാറും. ഏതൊക്കെ മത്സരങ്ങളാണ് നടത്തേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കും. നിലവില്‍ ആലപ്പുഴയിലാണ് കലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എന്നാല്‍ വേദി മാറ്റുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ (040918) ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.
ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, കലോത്സവം, വിനോദ സഞ്ചാരവകുപ്പിന്റെ ആഘോഷ പരിപാടികള്‍ എന്നിവയടക്കമുള്ള പരിപാടികള്‍ മാറ്റിവച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. ഇത്തരം ആഘോഷപരിപാടികള്‍ക്കായി നീക്കിവച്ചിട്ടുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.
ചലച്ചിത്രോത്സവും സ്കൂള്‍ കലോത്സവും മാറ്റിവച്ചത് പിന്‍വലിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ആഘോഷങ്ങളുടെ പൊലിമ കുറച്ചാണെങ്കിലും ഇവ നടത്താതിരിക്കരുതെന്ന് വിവിധ കാരണങ്ങള്‍ ഉന്നയിച്ചാണ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനാണ് നിലവിലെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ മാറ്റം.
സംഗീത നാടക അക്കാദമി മുന്‍ അദ്ധ്യക്ഷനായ സൂര്യാ കൃഷ്ണമൂര്‍ത്തിയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ ഏഴിന് ‘മേളകള്‍ക്ക് വിലങ്ങിടരുത്’ എന്ന തലക്കെട്ടില്‍ സൂര്യാ കൃഷ്ണമൂര്‍ത്തി മലയാള മനോരമയില്‍ ലേഖനം എഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന പിണറായി അദ്ദേഹത്തെ ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചത്.