Latest News

ആലിംഗന വിവാദം ഒത്തുതീർപ്പായി; പെൺകുട്ടിക്ക് സ്കൂൾ പ്രവേശനം നൽകും

സ്കൂൾ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

sebatian josephp principal st. thomas school

തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം ഒത്തുതീർപ്പായി. പെൺകുട്ടിയെയും സ്കൂളിൽ പ്രവേശിപ്പിക്കാൻ സ്കൂൾ അധികൃതർ സമ്മതിച്ചു. ആൺകുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കാൻ നേരത്തെ തീരുമാനമായിരുന്നു.

പെൺകുട്ടിക്ക് ക്രിസ്മസ് അവധികഴിഞ്ഞ് സ്കൂൾ തുറക്കുന്ന മൂന്നാം തീയിതി മുതൽ സ്കൂളിൽ പോകാം. ആൺകുട്ടിക്ക് നാലാം തീയതി വ്യാഴാഴ്ച ആരംഭിക്കുന്ന പരീക്ഷ എഴുതാനും അനുതി നൽകി. ഇരുവീട്ടുകാരും സ്കൂൾ മാനേജ്മെന്രും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ശശിതരൂർ എം പിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പുണ്ടായത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സ്കൂൾ മാനേേജ്മെന്റും ഒത്തുതീർപ്പ് കരാറിൽ ഒപ്പ് വച്ചു. ആൺകുട്ടിയുടെ കുടുംബാംഗങ്ങൾ കൂടെ ഒപ്പ് വച്ചാൽ ആ കരാറും നടപ്പാകുമെന്ന് സ്കൂൾ വക്താക്കൾ പറഞ്ഞു.

കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പെൺകുട്ടിയെ ആൺകുട്ടി ആലിംഗനം ചെയ്ത് അഭിനന്ദിച്ചതാണ് സ്കൂൾ അധികൃതർക്ക് സദാചാരലംഘനമായി മാറിയത്. ഇതേ തുടർന്ന് സ്കൂൾ അധികൃതർ കുട്ടികൾക്കെതിരെ നടപടിയെടുത്തു. രണ്ട് കൂട്ടികളെയും സ്കൂളിൽ നിന്നും പുറത്താക്കാനായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം.

ഈ നടപടിയെ തളളി ബാലവകാശ കമ്മീഷൻ വിധി വന്നു. ഈ വിധിക്കെതിരെ കേരളാ ഹൈക്കോടതിയെ സമീപിച്ച സ്കൂൾ മാനേജ്മെന്റിന് അനുകൂലമായിരുന്നു വിധി.  അതോടെ കുട്ടികളെ പുറത്താക്കിയ നടപടിയിൽ സ്കൂൾ ഉറച്ചു നിന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം പലയിടങ്ങളിലായി ഉയർന്നു.

ഓഗസ്റ്റ് 21 നാണ് മാർത്തോമ്മ ചർച്ച് എജ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികളെ അധികൃതർ പുറത്താക്കിയത്. വിദ്യാർത്ഥിയും, വിദ്യാർത്ഥിനിയും ഒരുമിച്ചുള്ള ചിത്രങ്ങൾ വിദ്യാർത്ഥി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിനുപിന്നാലെയായിരുന്നു നടപടി.

വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സംസ്ഥാന ബാല സുരക്ഷാ കമ്മീഷൻ ഇവരെ സ്‌കൂളിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവ് നൽകിയെങ്കിലും, അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർത്ഥികളുടെ നടപടി സ്‌കൂളിന്റെ സൽപേരിനെ ബാധിച്ചു എന്ന് വിലയിരുത്തിയ കോടതി തിരിച്ചെടുക്കേണ്ട കാര്യം പ്രിൻസിപ്പലിന്റെ അധികാര പരിധിയിൽ ഉള്ളതാണെന്ന് ഉത്തരവിൽ പറഞ്ഞു.

ഇരു കൂട്ടർക്കും സമ്മതമാകുന്ന തരത്തിൽ ഒരു തീരുമാനം കൈകൊള്ളാൻ ആണ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ വിദ്യാർത്ഥികൾ ഇപ്പോൾ മറ്റൊരു പ്രതിസന്ധി നേരിടുകയാണ്. പരീക്ഷ എഴുതണമെങ്കിൽ സിബിഎസ്ഇയുടെ അനുമതി വേണമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. കാരണം ഇവർക്ക് വേണ്ടത്ര അറ്റന്റൻസ് ഇല്ലത്രേ. ഈ വാദങ്ങളായിരുന്നു നേരത്തെ സ്കൂൾ അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ തിരിച്ചെടുക്കാനും പരീക്ഷയെഴുതാൻ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാല് മാസത്തിലേറെ വിദ്യാർത്ഥികളെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാതെയാണ് അറ്റൻറൻസ് ഇല്ലായെന്ന് അധികൃതർ പറയുന്നതെന്നും ഇതിനെതിരെ പരിഹാസം ഉയർന്നിരുന്നു.

സ്കൂൾ മാനേജ്മെന്ര് കുട്ടികളുടെ സ്വകാര്യ അക്കൗണ്ടിലെ ചിത്രങ്ങളെടുത്തുവെന്ന് ആരോപണം ഉയർന്നു. സ്കൂളിലെ സദാചാരപൊലീസിങിനെതിരെയും കോടതി വിധിക്കെതിരെയും വിവിധ തരത്തിലുളള പ്രതിഷേധങ്ങൾ രൂപപ്പെട്ടു. വിദ്യാർത്ഥി സംഘടനകളും പൊതു രംഗത്തുളളവരുടെ സ്കൂൾ നടപടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

സ്കൂൾ തുറക്കുമ്പോൾ പിടിവാശിയുമായി മുന്നോട്ട് പോകുയാണെങ്കിൽ അന്തരീക്ഷം കലുഷിതമാകുമെന്ന ആശങ്കയാണ് ഒത്തുതീർപ്പിന് തയ്യാറാകാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: School children hugging controversy end

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com