കൊച്ചി: സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹെെക്കോടതിയിൽ. പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ ജെ.സി. ജോസഫ് ഇക്കാര്യം അറിയിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സ്കൂൾ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹർജിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുപ്രവർത്തകനായ ശ്രീകുമാർ നൂറനാട് നൽകിയ പരാതിയിൽ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ ചില നിർദേശങ്ങൾ വ്യക്തമാക്കി മനുഷ്യാവകാശ കമ്മിഷൻ 2016 ആഗസ്റ്റ് അഞ്ചിന് ഉത്തരവിറക്കിയിരുന്നെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കമ്മിഷന്റെ നിർദേശാനുസരണം പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി. 2016 -17 അധ്യയന വർഷത്തിൽ രണ്ടു ഭാഗമാക്കിയ പുസ്തകങ്ങൾ കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് 2017 – 18 മുതൽ മൂന്നു ഭാഗമാക്കാൻ തീരുമാനിച്ചതായി സത്യവാങ്മൂലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നു. മൂന്ന് ഭാഗങ്ങളായി തിരിച്ചതിൽ ആദ്യ രണ്ട് ഭാഗങ്ങൾ വേനലവധിക്കാലത്ത് മേയ് 15നകവും മൂന്നാം ഭാഗം ക്രിസ്മമസ് അവധിക്കാലത്തും വിതരണം ചെയ്യാനും നിശ്ചയിച്ചതായും ഒാരോ ഭാഗവും 60 പേജുകളിൽ കൂടരുതെന്ന് നിഷ്കർഷിച്ചിട്ടുള്ളതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ടു നിർമ്മിച്ച ബാഗുകൾ ഉറപ്പാക്കാൻ ഹെഡ്മാസ്റ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്. വാട്ടർ ബോട്ടിലുകൾ ഒഴിവാക്കി കുട്ടികൾക്ക് കുടിക്കാൻ ക്ലാസ് മുറികളിൽ തന്നെ കുടിവെള്ളം ലഭ്യമാക്കാനും, വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും നിർദേശിച്ചിട്ടുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങൾ ക്ളാസിൽ കൊണ്ടു വരുന്നില്ലെന്ന് ടീച്ചർമാർ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.