തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ മാംസാഹാരമുണ്ടായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില് വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഇറച്ചിയും മീനും വിളമ്പണ്ട എന്ന നിർബന്ധം സർക്കാരിന് ഇല്ല. അടുത്ത വർഷം എന്തായാലും നോൺ വെജ് ഭക്ഷണം ഉണ്ടാകും. കോഴിക്കോട് കുട്ടികൾക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണങ്ങൾ വേണമെന്ന ചർച്ചകൾക്ക് മറുപടിയുമായി പഴയിടം മോഹനൻ നമ്പൂതിരി രംഗത്തെത്തിയിരുന്നു. മത്സ്യ-മാംസ ഭക്ഷണം വേണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. കായികമേളയ്ക്ക് നോൺ വെജ് ഭക്ഷണം തയ്യാറാക്കി വിളമ്പാറുണ്ട്. നോൺ വെജ് നന്നായി പാചകം ചെയ്യാൻ അറിയാവുന്നവർ തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കലോത്സവ മേളയിൽ പലപ്പോഴും പറയുന്നതിന്റെ ഇരട്ടി ആളുകൾ ഭക്ഷണം കഴിക്കാൻ എത്താറുണ്ട്. കായിക മേളകളിൽ അത്തരമൊരു പ്രശ്നമില്ല. അതിനാൽ തന്നെ, ചിലർക്ക് നോൺ വെജ് ഭക്ഷണം കിട്ടുകയും മറ്റു ചിലർക്ക് കിട്ടാതെ വരികയും ചെയ്യാം. ഇത് കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കും. മാത്രമല്ല, വെജിറ്റേറിയൻ ഭക്ഷണങ്ങൾ വളരെ പെട്ടെന്ന് തയ്യാറാക്കാനാകും. ഭക്ഷണം തികയാതെ വന്നാൽ പെട്ടെന്നു തന്നെ തയ്യാറാക്കി വിളമ്പാനാകും. കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. ഇക്കാര്യത്തിൽ വിദഗ്ധരുമായി ചർച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലോത്സവ വേദിയിൽ വർഷങ്ങളായി ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഇത്തവണ കോഴിക്കോട് നടക്കുന്ന കലോത്സവത്തിന് കോഴിക്കോടൻ ബിരിയാണി അടക്കമുള്ള വിഭവങ്ങൾ വിളമ്പണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നത്. കലോത്സവങ്ങളിലെ ശുദ്ധ വെജിറ്റേറിയൻ എന്ന സങ്കൽപം മാറി സസ്യേതര ഭക്ഷണം കൂടി വിളമ്പുന്ന വേദികളായി കലോത്സവങ്ങൾ മാറണമെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ബി.ടി ബൽറാമും ആവശ്യപ്പെട്ടിരുന്നു.