കൊച്ചി: മൂവാറ്റുപുഴയ്ക്കടുത്തുള്ള പുത്തന്‍ കുരിശ് വടയമ്പാടിയില്‍ ജാതിമതിലിനെതിരെ ദലിതര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ ന്യായമുണ്ട് എന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത് എന്ന് സംസ്ഥാന പട്ടിക ജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ അംഗം എസ്.അജയകുമാര്‍. വടയമ്പാടിയില്‍ തെളിവെടുപ്പിനായി ചെന്നശേഷം ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു എസ്.അജയകുമാര്‍.

ഭജനമഠവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പട്ടയത്തിലാണ് പ്രശ്നം എങ്കില്‍ അത് പരിശോധിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും എന്ന് അജയകുമാര്‍ വ്യക്തമാക്കി. ” 1967ലെ ഇഎംഎസ് സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് വടയമ്പാടിയിലെ കോളനി നില്‍ക്കുന്നത്. അതേ പട്ടയത്തിലാണ് തര്‍ക്കം നടക്കുന്ന ഭൂമിയും കിടക്കുന്നത്. എന്‍എസ്എസ്സിന് കിട്ടിയതായി അവകാശപ്പെടുന്ന സ്ഥലത്തെ പട്ടയം 81ലാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അതില്‍ തന്നെ അന്വേഷണം ആവശ്യമുണ്ട്.” മുന്‍ ഷൊര്‍ണൂര്‍ എംപി പറഞ്ഞു.

Read More : വടയമ്പാടിയിലേത് പ്രാദേശിക പ്രശ്നമല്ല, ജനാധിപത്യ പ്രശ്നമാണ്: സണ്ണി എം കപിക്കാട്

വടയമ്പാടിയില്‍ പട്ടിക ജാതിക്കാര്‍ക്കെതിരെ പീഡനം നടന്നതായി വ്യക്തമാകുന്നതായി പറഞ്ഞ അജയകുമാര്‍ പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും അതിന്‍റെ ഭാഗമായതായി നിരീക്ഷിച്ചു. ” സ്ഥലത്ത് പൊലീസ് അട്രോസിറ്റി ഉണ്ടായിട്ടുണ്ട് എന്നാണ് ലഭ്യമായിട്ടുള്ള തെളിവുകള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പൊലീസ് നയങ്ങള്‍ക്ക് വിരുദ്ധമായാണ് അവിടെ പൊലീസ് പ്രവര്‍ത്തിച്ചത്. ദലിതരുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്ന ജോയ് പാവേലിനെതിരെ കേസെടുത്ത് പീഡിപ്പിച്ചതിനെ ഗൗരവമായാണ് കാണുന്നത്. ജോയിയുടെ ഭാര്യ ഒരു ദലിത് സ്ത്രീയാണ്. അങ്ങനെയൊരാള്‍ക്ക് നേരെ ദലിത് പീഡനത്തിന് കേസെടുത്തതില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും ദലിത് വിരുദ്ധ നിലപാടുണ്ടായിട്ടുണ്ട് എന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നത്.” പൊലീസില്‍ നിന്നും വിശദീകരണം ആരായും എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് കമ്മീഷന്‍ അംഗം പറഞ്ഞു.

ഫെബ്രുവരി നാലാം തീയതി വടയമ്പാടിയില്‍ നടക്കാനിരുന്ന ദലിത്‌ ആത്മാഭിമാന കണ്‍വെന്‍ഷനെ പൊലീസ് അടിച്ചമര്‍ത്തി എന്ന ആരോപണത്തേയും ശരിവയ്ക്കുന്നതായിരുന്നു സംസ്ഥാന പട്ടികജാതി കമ്മീഷന്‍റെ കണ്ടെത്തല്‍. ” ജനാധിപത്യപരമായ അവകാശങ്ങളെ നിഷേധിക്കുന്ന നടപടി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലായിരുന്നു. ദലിത് ആത്മാഭിമാന കണ്‍വെന്‍ഷനെ ഏകപക്ഷീയമായി അടിച്ചൊതുക്കുകയായിരുന്നു പൊലീസ് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ” എസ്.അജയകുമാര്‍ പറഞ്ഞു.

Read About : വടയമ്പാടിയില്‍ സംഭവിച്ചത് ഇതാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ