തിരുവനന്തപുരം: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.  കേസ് ആവശ്യമെങ്കിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനം ഭരണഘടനാപരമായ പ്രശ്നമാണെന്നും പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന ആവശ്യം അംഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നുണ്ടോ എന്നും സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടോ എന്നും പരിശോധിക്കും. ക്ഷേത്രപ്രവേശന നിയമങ്ങളും പരിശോധനാ വിധേയമാക്കുമെന്ന് കോടതി പറഞ്ഞു.

ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷനാണ് ശബരിമലയിലേക്ക് എല്ലാ വിഭാഗം സ്ത്രീകൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. ഹർജിയിൽ നേരത്തേ തന്നെ വിവിധ സന്നദ്ധ സംഘടനകൾ,  ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു.

അതേസമയം ഹർജിയിൽ ശബരിമലയില്‍ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങൾ ലംഘിക്കാനാകില്ലെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ ഇടത് സർക്കാർ ഈ സത്യവാങ്ങ്മൂലം പിൻവലിച്ച് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ