ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നു. 12 മണിയോടെയാണ് ഹര്‍ജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന തീരുമാനം മുല്ലപ്പെരിയാര്‍ ദുരന്തനിവാരണസമിതി കോടതിയെ അറിയിച്ചു. 142 അടിയില്‍ നിന്നാണ് 139 അടിയാക്കി ജലനിരപ്പ് കുറയ്ക്കുന്നത്. ആദ്യം രണ്ട് മണിക്ക് ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 1 മണിക്ക് ശേഷം കോടതി അവധി പ്രഖ്യാപിച്ചതോടെ 12 മണിക്ക് മാറ്റുകയായിരുന്നു.

ഇടുക്കി സ്വദേശി റസല്‍ റോയിയാണ് ഹര്‍ജി നല്‍കിയത്. സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്കു ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ജലനിരപ്പ് 142 അടി കടത്തുന്നതിനായി തമിഴ്‌നാട് അണക്കെട്ടിനു താഴ്ഭാഗത്തുള്ളവരുടെ ജീവന്‍ ഭീഷണിയിലാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രളയക്കെടുതിയില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേരളം പെടാപ്പാടു പെടുമ്പോഴാണ് തമിഴ്‌നാടിന്റെ പ്രതികൂല നടപടി.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജലനിരപ്പ് 142 അടിയിലെത്തിക്കാന്‍ തമിഴ്‌നാട് കാട്ടിയ കടുംപിടിത്തമാണ് സ്ഥിതി വഷളാക്കിയത്. ജലനിരപ്പ് ഉയരുന്നതിനു മുന്‍പ് ചെറിയ തോതില്‍ ജലം തുറന്നുവിടാന്‍ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് തള്ളുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.