scorecardresearch

Latest News

ഞങ്ങൾ ഇന്ത്യയിലെ പൗരന്മാർ അല്ലേ? സിദ്ദിഖ് കാപ്പന്റെ കുടുംബം ചോദിക്കുന്നു

അർണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചുവെന്ന് കേട്ട ശേഷം, എന്റെ ഭർത്താവിന് നീതി ലഭിച്ചിട്ടില്ലെന്ന് ചിന്തിക്കാൻ ഞാൻ നിർബന്ധിതയാകുന്നു. അറസ്റ്റിന് ശേഷം കോടതിയും ജയിൽ അധികൃതരും അദ്ദേഹത്തെ കാണാൻ പോലും ഞങ്ങളെ അനുവദിച്ചിട്ടില്ല

Siddique Kappan, Siddique Kappan Supreme Court, Siddique Kappan UP arrest, Siddique Kappan Hathras, Journalist Siddique Kappan

അറസ്റ്റിലായി ഏഴു ദിവസത്തിനുശേഷം റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ആത്മഹത്യാ പ്രേരണാ കേസിൽ സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടി. അറസ്റ്റിലായി നാൽപത്തിയൊന്ന് ദിവസത്തിന് ശേഷവും മറ്റൊരു പത്രപ്രവർത്തകൻ രാജ്യത്തെ പരമോന്നത കോടതിയിൽ നിന്ന് നീതിക്കായി കാത്തിരിക്കുകയാണ്.

ഈ കാത്തിരിപ്പ് സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്, കാപ്പന്റെ കുടുംബം പറയുന്നു.

“അർണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചുവെന്ന് കേട്ട ശേഷം, എന്റെ ഭർത്താവിന് നീതി ലഭിച്ചിട്ടില്ലെന്ന് ചിന്തിക്കാൻ ഞാൻ നിർബന്ധിതയാകുന്നു. അറസ്റ്റിന് ശേഷം കോടതിയും ജയിൽ അധികൃതരും അദ്ദേഹത്തെ കാണാൻ പോലും ഞങ്ങളെ അനുവദിച്ചിട്ടില്ല. അദ്ദേഹത്തെ കുറിച്ച് ഒന്നും ഞങ്ങൾ അറിയുന്നില്ല, ഇത് ഭയാനകമാണ്. ഞങ്ങൾ വിവിധ തലങ്ങളിൽ ജുഡീഷ്യറിയെയും സർക്കാരിനെയും സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നീതി ലഭിച്ചില്ല. ഞങ്ങൾ ഈ രാജ്യത്തെ പൗരന്മാരല്ലേ?” യുപി മഥുരയിൽ ജയിലിലടച്ച ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന (37) ചോദിക്കുന്നു.

ഹഥ്റാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദലിത് യുവതിയുടെ വീട്ടിലേക്കുള്ള യാത്രയിൽ, അഴിമുഖം ഓൺലൈനിൽ ജോലി ചെയ്യുന്ന സിദ്ദിഖ് കാപ്പൻ ഒക്ടോബർ 5 ന് മഥുരയിൽ വെച്ച് അറസ്റ്റിലായി. ഒക്ടോബർ 6 ന് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റുകൾ (കെ‌യുഡബ്ല്യുജെ) സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് അപേക്ഷ നൽകി.

ഹഥ്റാസ് ബലാത്സംഗത്തിനെതിരെ മതപരമായ ശത്രുത വളർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പനും (41) ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലെ (സിഎഫ്ഐ) മൂന്ന് അംഗങ്ങളും സ്ഥലത്തെത്തിയത് എന്നായിരുന്നു യുപി പൊലീസിന്റെ ആരോപണം. രാജ്യദ്രോഹ കുറ്റത്തിന് യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

“ജുഡീഷ്യറി പോലും ഞങ്ങളെ ഉപേക്ഷിച്ചുവെന്ന് എനിക്ക് തോന്നുന്നു. ഇവിടെ തുല്യനീതി നടകപ്പാക്കപ്പെടുന്നില്ല. നീതി എല്ലാവർക്കുമുള്ളതല്ല, ചിലർക്ക് മാത്രമാണത്. അർണബ് ഗോസ്വാമിയുടെ കാര്യത്തിൽ കാര്യങ്ങൾ ഇത്ര വേഗത്തിൽ നീങ്ങിയത് എങ്ങനെ? ’’ റൈഹാന പറയുന്നു.

നവംബർ 11 ന് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയ വാദത്തിനിടെ, മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കാപ്പന്റെ അറസ്റ്റിനെക്കുറിച്ച് പരാമർശിച്ചിരുന്നു.

കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പൻ ഒമ്പത് വർഷം മുൻപാണ് രാജ്യതലസ്ഥാനത്ത് എത്തുന്നത്. കുടുംബത്തിന്റെ ഏക ആശ്രയം കൂടിയാണ് അദ്ദേഹം.

“എന്റെ ഭർത്താവിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഹഥ്റാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകാൻ ടാക്സി വാടകയ്ക്കെടുക്കാൻ അദ്ദേഹത്തിന് പണമില്ലായിരുന്നു. ആരെങ്കിലും അവിടെ പോകുന്നുണ്ടെങ്കിൽ തന്നെ അറിയിക്കാൻ അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അറസ്റ്റിലായ മറ്റ് മൂന്ന് പേരോടൊപ്പം ചേരുന്നത് അങ്ങനെയാണ്, ’’ അവർ പറയുന്നു.

അറസ്റ്റിനെക്കുറിച്ച് സിദ്ദിഖിന്റെ 90 കാരിയായ അമ്മ ഖദീജയെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റൈഹാന പറയുന്നു. “സിദ്ദിഖ് ഡൽഹിയിലാണെന്നും ഉടൻ വീട്ടിലെത്തുമെന്നുമാണ് ഞങ്ങൾ പറഞ്ഞിരിക്കുന്നത്. അവൾക്ക് അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നത് ഒരു ഭാഗ്യമായി തോന്നുന്നു. അദ്ദേഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം, ഇന്നലെ രാത്രികൂടി വിളിച്ചിരുന്നു എന്നാണ് ഞങ്ങൾ പറയുന്നത്.’’

അതേസമയം, സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശിൽ ജാമ്യാപേക്ഷ നൽകാനുള്ള സാഹചര്യമില്ല. അതിനാൽ ജാമ്യം നൽകാൻ സുപ്രീംകോടതി തന്നെ ഇടപെടണെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

സിദ്ദിഖ് കാപ്പനെ കാണാൻ കെ യു ഡബ്ള്യു ജെ പ്രതിനിധികളെ അനുവദിക്കുക, അഭിഭാഷകന് കാണാൻ അനുമതി നൽകുക, കുടുംബത്തെ കാണാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സുപ്രീംകോടതിയിൽ യൂണിയൻ ഉന്നയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sc plea today journalist siddique kappans family asks arent we citizens