ന്യൂഡൽഹി: മൂന്ന് പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ശുപാർശകൾക്കായി സുപ്രീംകോടതി നിയോഗിച്ച സമിതി ജനുവരി 19 ന് ആദ്യയോഗം ചേരുമെന്ന് സമിതി അംഗം അനിത് ഘൻവാത് അറിയിച്ചു. ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിലാണ് യോഗം. ഘൻവാതിനെ കൂടാതെ കാർഷിക സാമ്പത്തിക വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരാണ് സമിതി അംഗങ്ങൾ.
മൂന്ന് നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി ജനുവരി 11 ന് സ്റ്റേ ചെയ്തിരുന്നു. ഒപ്പം ഈ സമിതിയെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
Read More: മൂന്ന് നിയമങ്ങളും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും: അമിത് ഷാ
അതേസമയം റിപ്പബ്ലിക് ദിനത്തിൽ തങ്ങൾ പ്രഖ്യാപിച്ച ട്രാക്ടർ പരേഡുമായി മുന്നോട്ട് പോകുമെന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക യൂണിയനുകൾ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ഔട്ടർ റിങ് റോഡിൽ തങ്ങൾ ട്രാക്ടർ പരേഡ് നടത്തുമെന്ന് സിംഗു അതിർത്തിയിലെ സമരസ്ഥലത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിച്ച യൂണിയൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. “പരേഡ് വളരെ സമാധാനപരമായിരിക്കും. റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാകില്ല. കൃഷിക്കാർ അവരുടെ ട്രാക്ടറുകളിൽ ദേശീയ പതാക സ്ഥാപിക്കും,” അദ്ദേഹം പറഞ്ഞു.
കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ മാർച്ച് ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു തടസ്സമുണ്ടാക്കാൻ ലക്ഷ്യമിട്ടാണെന്നും അത് തടയാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അധികൃതർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Read More: കാർഷിക ബിൽ: ഒമ്പതാം തവണയും ചർച്ച പരാജയം; അടുത്ത യോഗം 19ന്
അതേസമയം കർഷക സമരത്തിന്റെ ഭാഗമാവുകയോ പിന്തുണക്കുകയോ ചെയ്യുന്നവർക്കെതിരെ എൻഐഎ കേസുകൾ ഫയൽ ചെയ്യുകയാണെന്ന് കർഷക സംഘടനാ നേതാവ് ദർശൻ പാൽ സിങ് പറഞ്ഞു. “എല്ലാ കർഷക യൂണിയനുകളും ഇതിനെ അപലപിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു. നിരോധിത സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയുമായി ബന്ധപ്പെട്ട കേസിൽ ഒരു കർഷക യൂണിയൻ നേതാവിന് എൻഐഎ സമൻസ് അയച്ചെന്ന റിപ്പോർട്ട് പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രധാനമായും പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയുടെ വിവിധ അതിർത്തികളിലായി ഒരു മാസത്തിലേറെയായി പ്രതിഷേധിക്കുന്നത്.