തിരുവനന്തപുരം: എടിഎമ്മുകളിലൂടെ പണമെടുക്കുന്നതിന് 25 രൂപ സർവ്വീസ് ചാർജ് ഈടാക്കാൻ തീരുമാനിച്ച എസ്ബിഐ നടപടിക്ക് എതിരെ ധനമന്ത്രി തോമസ് ഐസക്ക്. എസ്ബിഐയുടേത് ഭ്രാന്തൻ തീരുമാനമാണെന്നും, ജനങ്ങൾക്ക് എതിരെയുള്ള വെല്ലുവിളിയാണ് ഇതെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

കോർപ്പറേറ്റുകൾക്ക് വേണ്ടി എസ്ബിഐ ജനങ്ങളെ പിഴിയുകയാണെന്നും കിട്ടാക്കടം പെരുകിയത് മൂലമാണ് എസ്ബിഐ ഈ നിലപാട് സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 1.74 ലക്ഷം കോടിരൂപയുടെ കിട്ടാക്കടമാണ് എസ്ബിഐക്ക് ഉള്ളത് എന്നും തോമസ് ഐസക്ക് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ഈ നിലപാട് ജനങ്ങളെ വലയ്ക്കുമെന്നും ഇത് നമ്മുടെ നാട്ടിലെ സാമ്പത്തിക മുരടിപ്പിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം അഞ്ചു തവണയായിരുന്നതാണ് പൂര്‍ണമായും എടുത്ത് കളഞ്ഞ് കൊണ്ട് എസ്ബിഐ ഇന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പുതിയ സർക്കുലർ പ്രകാരം എടിഎം വഴി പണം പിന്‍വലിക്കുമ്പോഴെല്ലാം 25 രൂപ വീതം സേവന നിരക്ക് നല്‍കേണ്ടി വരും. പുതിയ നിരക്ക് 2017 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ