കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം.

സഭാനിലപാട് മതസൗഹാർദം തകർക്കുമെന്നും ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിഒസി ഡയറക്ടർ ജന്മഭൂമിയിലെഴുതിയ ലേഖനത്തെയും സത്യദീപം വിമർശിക്കുന്നു. സഭയ്ക്കുള്ളിലെ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.

ഹൈക്കോടതി ഇടപെട്ട് 2010ൽ​ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന്​ തെളിഞ്ഞതാണ്​. കൂടാതെ 2014ൽ ഉത്തർപ്രദേശ്​ കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻഐഎ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളു മുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരിൽ മുസ്​ലിം, ഹിന്ദു മതങ്ങളിൽനിന്ന്​ ക്രിസ്​ത്യൻ മതത്തിലേക്ക്​ മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന്​ സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

Read Also: പൊളിറ്റിക്കല്‍ ഇസ്ലാം അപകടം, ബിജെപിയെ പുകഴ്ത്തി കെസിബിസി വക്താവ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ സഭയുടെ നിലപാട്​ വ്യക്തമാക്കണം. ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ. പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം ആർച്ച്​ ബിഷപ്​ സൂസെപാക്യവും ലാറ്റിൻ കാത്തോലിക്​ സഭയും ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടാണ്​ എടുത്തിരിക്കുന്നത്​. എന്നാൽ മെത്രാൻ സിനഡിൽ കെസിബിസിയുടെ ഭാഗത്തുനിന്ന്​ നിയമത്തിനെതിരെ കാര്യമായ എതിർപ്പുണ്ടായിട്ടില്ലെന്നും ഇത്​ തിരുത്താൻ തയാറാവണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.