കോട്ടയം: കേരളത്തിൽ ഇടക്കാലത്തിന് ശേഷം വീണ്ടും സാത്താൻ ആരാധന ചർച്ചയാകുന്നു. ഏതാനും വർഷം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് വിവാദങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്ത് മാതാപിക്കളെയും സഹോദരിയെയും ബന്ധുവിനെയും വധിച്ച കേസില്‍ പ്രതിയായ യുവാവിന്റെ പുറത്തുവന്ന മൊഴികളുടെ സാഹചര്യത്തിലാണ് സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.

കേരളത്തിലും സാത്താന്‍ ആരാധന വ്യാപകമായിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൊച്ചി കേന്ദ്രമായി സാത്താന്‍ ആരാധന വര്‍ധിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കുന്നത് കേരളത്തില്‍ വിശ്വാസികളുടെ എണ്ണത്തില്‍ മുൻപന്തിയിലുള്ള കത്തോലിക്കാ സഭയെയാണ്. സാത്താന്‍ ആരാധനയുടെ പ്രധാന ഘടകം കത്തോലിക്കാ സഭയും വിശ്വാസികളും പരിപാവനമായി കണക്കാക്കുന്ന തിരുവോസ്തി തന്നെയാണെന്നതാണ് കത്തോലിക്കാ സഭയുടെ നെഞ്ചിടിപ്പു കൂട്ടുന്നതിനു പിന്നിലുള്ള കാരണവും.

ബ്ലാക്ക് മാസ് അധവാ കറുത്ത കുര്‍ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധന കേരളത്തിലും വ്യാപകമാകുന്നുണ്ടെന്നും ഇതിനെതിരേ വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കത്തോലിക്കാ മെത്രാന്‍ സമിതി 2012-ല്‍ പുറത്തിറക്കിയ ഒരു പഠന രേഖയില്‍ നിര്‍ദേശിച്ചിരുന്നു.

എന്താണ് കറുത്ത കുര്‍ബാന അധവാ ബ്ലാക്ക് മാസ്
പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താന്‍ ആരാധന എന്ന പേരില്‍ അറിയപ്പെടുന്ന കറുത്ത കുര്‍ബാനയുടെ തുടക്കം. റോമന്‍ കുര്‍ബാന ക്രമത്തിന്റെ ആക്ഷേപ രീതിയിലുള്ള അനുകരണം എന്ന രീതിയില്‍ സ്ഥാപിക്കപ്പെട്ട കറുത്ത കുര്‍ബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ കോവന്‍ ഗ്രൂപ് 1968ല്‍ 13 മിനിറ്റ് ദൈര്‍ഘ്യം വരുന്ന കറുത്ത കുര്‍ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത് സ്റ്റേജ് ഷോയുടെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് കറുത്ത കുര്‍ബാനയ്ക്ക് കൂടുതല്‍ ആരാധകരുണ്ടായത്.

കറുത്ത കുര്‍ബാനയെപ്പറ്റി കത്തോലിക്കാ സഭ പുറത്തിറക്കിയ പഠനരേഖയില്‍ പറയുന്നതിങ്ങനെയാണ്. “സ്ത്രീയുടെ നഗ്ന ശരീരമാണ് കറുത്ത കുര്‍ബാനയുടെ ബലിപീഠം. കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. കാസയില്‍ വീഞ്ഞിനു പകരം സ്ത്രീ പുരുഷ സ്രവങ്ങളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. അള്‍ത്താരയായി വര്‍ത്തിക്കുന്ന സ്ത്രീയുടെ രഹസ്യ ഭാഗത്തെ സക്രാരിയായി(ഓസ്തി സൂക്ഷിക്കുന്ന സ്ഥലം) കണക്കാക്കി ഓസ്തി പ്രസ്തുത സ്ഥലത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. പൈശാചിക ആരാധനയില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൈശാചിക പ്രാര്‍ഥനകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അവഹേളിച്ച് അശുദ്ധമാക്കുകയാണ് കര്‍മങ്ങളുടെ ആത്യന്തിക ലക്ഷ്യം. കുര്‍ബാന പ്രതിഷ്ഠിച്ച അള്‍ത്താരയും സക്രാരിയുമായി കാര്‍മികനും പങ്കാളികളും പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നത്. കുര്‍ബാന സ്വീകരിക്കുന്നതിനു പകരമായാണ് ലൈംഗിക ബന്ധം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലതിരിച്ചുവച്ച കുരിശ്, കറുത്ത മെഴുകുതിരി, അശുദ്ധ രക്തം എന്നിവ കുര്‍ബാനയിലെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുമ്പോള്‍ കറുത്ത കോട്ടു ധരിച്ചയാളായിരിക്കും കാര്‍മികന്‍.”
satanic worship, satan

കേരളത്തിലും സാത്താന്‍ ആരാധന വ്യാപകമാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഏതാനും വര്‍ഷം മുമ്പ് പുറത്തുവന്നിരുന്നു. ഇതിനത്തുടര്‍ന്ന് കത്തോലിക്ക സഭ വിശുദ്ധ കുര്‍ബാന കൈയില്‍ നല്‍കുന്ന പതിവ് നിര്‍ത്തലാക്കാന്‍ വൈദികര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൈകളില്‍ സ്വീകരിക്കുന്ന വിശുദ്ധ കുര്‍ബാന സാത്താന്‍ ആരാധന സംഘങ്ങളുടെ പക്കലെത്തുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടു വൈദികരും വിശ്വാസികളും മുന്‍കരുതലെടുക്കണമെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നേരത്തേ വൈദികര്‍ക്കും വിശ്വാസികള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു. സാത്താന്‍ ആരാധന കേരളത്തില്‍ വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളെത്തുടര്‍ന്ന് അന്നു പോലീസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇടക്കാലത്ത് ആലപ്പുഴ ജില്ലയിലെ ചില പള്ളികളില്‍ നിന്നു സക്രാരി മോഷണം പോയ സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

സാത്താന്‍ ആരാധന വ്യാപകമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും കൃത്യമായ വിവരങ്ങളും തെളിവുകളും ലഭിക്കാത്തതാണ് പൊലീസിന് ഈ വിഷത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയാതെ പോകുന്നതിന് പിന്നില്‍. അതേസമയം സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വീണ്ടും പുറത്തുവന്നതോടെ തിരുവോസ്തി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും വിശ്വാസികളെ ബോധവല്‍ക്കരിക്കാനുമായ കാര്യങ്ങൾ കത്തോലിക്കാ സഭ വീണ്ടും ഗൗരവത്തിലെടുക്കുന്നു.

തിരുവോസ്തിയും സക്രാരിയും
വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി നല്‍കാനായി തയാറാക്കുന്ന ഗോതമ്പ് ഉപയോഗിച്ചു തയാറാക്കുന്ന ചെറിയ അപ്പമാണ് ഓസ്തി. സഭയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിലാണ് ഓസ്തിയും കുര്‍ബാനയ്ക്കാവശ്യമായ വീഞ്ഞും തയാറാക്കുന്നത്. വളരെ സൂക്ഷ്മതയോടെയും പരിപാവനവുമായി സൂക്ഷിക്കുന്ന ഓസ്തി കൂര്‍ബാനയുടെ ഭാഗമായി വൈദികന്‍ കൂദാശ ചെയ്യുമ്പോള്‍ മാത്രമാണ് ഓസ്തിക്കു പവിത്രത കൈവരുന്നത്. കുര്‍ബാനയില്‍ വൈദികന്‍ ആശിര്‍വദിക്കുമ്പോള്‍ ഓസ്തിയും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവും ആയി മാറുന്നുവെന്നാണ് വിശ്വാസം.

കുര്‍ബാനയില്‍ ആശിര്‍വദിക്കപ്പെട്ട ഗോതമ്പ് അപ്പത്തെയാണ് തിരുവോസ്തിയെന്നു പറയുന്നത്. ഇത്തരത്തില്‍ ആശിര്‍വദിക്കപ്പെട്ട തിരുവോസ്തി അള്‍ത്താരയില്‍ തന്നെ പ്രത്യേകം തയാറാക്കിയിട്ടുള്ള അറയിലാണ് സൂക്ഷിക്കുക. സക്രാരി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേകം പൂട്ടും ഇതിനുണ്ടാകും. കുര്‍ബാനയുടെ ഭാഗമായി വൈദികനു മാത്രമാണ് സക്രാരി തുറക്കാന്‍ അനുവാദമുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ