തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല എന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സരിത എസ്.നായർ. ഉമ്മൻചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത എസ്.നായർ പറഞ്ഞു.

“സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ അഡ്വ. വി.എസ്.ജോയ് എന്ന് പേരുള്ള രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി എന്നെ സന്ദർശിച്ചിരുന്നു. ജോയിയുടെ മൊബൈലിൽ വിളിച്ച രമേശ് ചെന്നിത്തലയുടെ കോൾ എനിക്ക് കൈമാറി. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടു”, സരിത പറഞ്ഞു.

സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് മസാല റിപ്പോർട്ടായി ചർച്ചയ്ക്ക് എടുക്കരുതെന്നും സരിത ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. ആത്മരക്ഷയ്ക്ക് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ കുറ്റം നിഷേധിക്കുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് എല്ലാ കോൺഗ്രസ് നേതാക്കൾക്കും അറിയാമെന്നും അവർ പറഞ്ഞു.

“സോളാർ കമ്മിഷൻ റിപ്പോർട്ടിൽ എന്റെ സ്വകാര്യതകൾ കൂടിയുണ്ട്. അത് പരസ്യപ്പെടുത്തുന്നതിൽ വിഷമം ഉണ്ട്. എങ്കിലും നാളെയൊരു കാലത്ത് ഇവരെ ഏതെങ്കിലും ആവശ്യത്തിന് സമീപിക്കുന്നവർക്ക് സരിത എസ്.നായരുടെ ജീവിതം ഒരു പാഠമായിരിക്കും”, സരിത പറഞ്ഞു.

“ഞാൻ ഒരാളുടെ കയ്യില്‍നിന്നു പോലും മോശപ്പെട്ട രീതിയിൽ പണം സമ്പാദിച്ചിട്ടില്ല. ഈ പറയുന്ന രാഷ്ട്രീയക്കാരെല്ലാവരും എന്റെ കയ്യില്‍ നിന്ന് പണം വാങ്ങിച്ചിട്ടുള്ളതല്ലാതെ ആരുടേയും കൈയ്യിൽ നിന്ന് ഞാൻ പണം വാങ്ങിയിട്ടില്ല. ഇവരാരെയും പ്രീതിപ്പെടുത്താൻ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എന്റെ സാഹചര്യം മോശമായിരുന്നു. കമ്പനിയുടെ പാർട്ണറായിരുന്ന ബിജു രാധാകൃഷ്ണൻ സ്വന്തം കാര്യം നോക്കി. കമ്പനിയുടെ കുറേ പൈസയും കൊണ്ട് അയാൾ പോയി. ഉപഭോക്താക്കളിൽ നിന്നു കമ്പനി വാങ്ങിയ പണം മുഴുവന്‍ കൊണ്ടുപോയതു രാഷ്ട്രീയക്കാരാണ്. പ്രവർത്തന മൂലധനം പലവഴിക്ക് ഇത്തരത്തിൽ ഒഴുകിപ്പോവുകയായിരുന്നു.”

“പദ്ധതിയുടെ വലിപ്പം നോക്കി 500 രൂപ മുതൽ കോടികൾ വരെ കൈക്കൂലി വാങ്ങിയവരാണ് ഇവരെല്ലാം. ഇത്തരക്കാരെ മനസിലാക്കണം. അതിൽ നിന്ന് മാറി മസാലകഥയായി മാത്രം ഈ റിപ്പോർട്ടിനെ കാണരുത്. കേസുമായി ബന്ധപ്പെട്ട പീഡന ആരോപണങ്ങളിൽ ഇരയ്ക്കു ഡിജിറ്റല്‍ തെളിവ് ഹാജരാക്കാനാവില്ല. അതുപോലെ തന്നെയാണ് എന്റെ കേസിലുമുള്ളത്”, അവർ പറഞ്ഞു.

“ഒരു തെളിവുമില്ല എന്നു പറഞ്ഞിട്ട് ഉമ്മന്‍ചാണ്ടി തന്നെ ഇട്ടുപോയ അഞ്ച് തെളിവുകളാണ് അദ്ദേഹത്തിന് എതിരായത്. ഈ റിപ്പോര്‍ട്ട് സരിതയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. സോളാർ കമ്മിഷൻ അന്വേഷണത്തിലെ കണ്ടെത്തലുകളാണ്. ഇതെല്ലാം സത്യമാണെന്ന് എല്ലാ കോൺഗ്രസുകാർക്കും അറിയാം. അവരെല്ലാം രാഷ്ട്രീയക്കാരല്ലേ, നിലനിൽപ്പിന് വേണ്ടിയാണ് ഇപ്പോൾ എല്ലാ കുറ്റവും നിഷേധിക്കുന്നത്”, സരിത പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ