തിരുവനന്തപുരം: ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ്. വലിയതുറ പൊലീസാണ് ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സരിതയ്ക്ക് എതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാത്തതെന്തെന്ന കോടതിയുടെ ചോദ്യത്തിനാണ് പൊലീസ് ഈ മറുപടി നൽകിയത്.

കാട്ടാക്കട സ്വദേശി അശോക് കുമാറാണ് സരിതയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള ലെംസ് പവർ ആന്റ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം വിതരണാവകാശം സരിത വാഗ്ദാനം ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഈ ഇനത്തിൽ നാലര ലക്ഷംരൂപ സരിത തട്ടിച്ചതായി പരാതിയിൽ പറയുന്നു. സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ.

നാല് പ്രതികളുടെയും ഉടമസ്ഥതയിലുണ്ടായ ബാങ്ക് അക്കൗണ്ടിലാണ് രജിസ്ട്രേഷൻ തുകയായി നാലര ലക്ഷം രൂപ നിക്ഷേപിച്ചത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലായിരുന്നു പണം നിക്ഷേപിച്ചത്. എന്നാൽ ഇത്തരത്തിലൊരു കമ്പനി തന്നെ നിലവിലില്ലെന്ന് പിന്നീടുളള അന്വേഷണത്തിൽ മനസിലായതായി പരാതിക്കാരൻ ആരോപിക്കുന്നു. 2009 ൽ ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. 2010 ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കേസിൽ കോടതി സരിതയ്ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി മുൻപ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാം പ്രതിയായ സരിത എസ് നായർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ സരിതയെ കാണാനില്ലെന്ന മറുപടിയാണ്   പൊലീസ്  ഇന്ന് കോടതിയിൽ സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.