കൊച്ചി: സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സരിത എസ്.നായർ ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിൽ തന്നെയും കക്ഷി ചേർക്കണമെന്നാണ് സരിതയുടെ ആവശ്യം.

താനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സോളാർ കമീഷനെ നിയോഗിച്ചത്. അതിനാൽ കേസിൽ തന്റെ വാദം കൂടി കേൾക്കാൻ തയ്യാറാകണമെന്നും സരിത അഭ്യർത്ഥിച്ചിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കളുടെ ചൂഷണത്തിന് ഇരയായ ആളാണ് ഞാൻ. പൊതു ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യത്തിന്റെ പ്രതീകവുമായ ഖാദി ധരിച്ചാണ് ഇവർ ഇപ്പോഴും നടക്കുന്നതെങ്കിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും ഏത് തരം താണ അവസ്ഥയിലേക്കും താഴാൻ തയ്യാറാവരാണ് ഇവർ. ഞാൻ തെറ്റ് ചെയ്തതിനേക്കൽ കൂടുതൽ എന്നോട് തെറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ എന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സരിത പറയുന്നു.

സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബലാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഹാജരായത്​. സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ ആണ് പരിഗണിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ