കൊച്ചി: സരിത എസ്.നായർക്ക് നേരെ ആക്രമണമെന്ന് പരാതി. കൊച്ചിയിൽ കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായാണ് സരിത എസ്.നായര്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തന്‍റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയിൽ പറയുന്നു.

തനിക്കെതിരെ ശത്രുക്കളാരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ചക്കരപ്പറമ്പ് പരിസരത്ത് വച്ച് കാറിന്‍റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുളള ബൈക്കില്‍ മുമ്പില്‍ ഇരുന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും സരിത പരാതിയില്‍ പറയുന്നുണ്ട്. ബുള്ളറ്റിലെത്തിയ ഒരാൾ കാറിന്റെ മുന്നിലെത്തി വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ പിന്നിലെത്തിയ മറ്റൊരു ബൈക്കിലെ അക്രമികൾ മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകർത്തു. കാറിന്റെ പല ഭാഗത്തും അക്രമികൾ ആയുധങ്ങൾ ഉപയോഗിച്ച് കേടുപാടുകൾ വരുത്തി.

അക്രമികള്‍ ഗ്ലാസ് തകര്‍ത്തതോടെ സരിതയുടെ വാഹനം വേഗത്തില്‍ പോയി. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ എത്തി സരിത പരാതി നല്‍കുകയായിരുന്നു. വാഹനം നിറുത്താൻ പല തവണ അക്രമികൾ ആവശ്യപ്പെട്ടെങ്കിലും താൻ അതിന് തയ്യാറായില്ല. റോഡിന്റെ വീതി കുറവായതിനാൽ വേഗത്തിൽ പോകാനും കഴിഞ്ഞില്ല. ബുള്ളറ്റിലെത്തിയ ആൾ മുഖം മറച്ചിരുന്നില്ലെന്നും കണ്ടാൽ തിരിച്ചറിയാമെന്നും സരിത മൊഴി നൽകി.
സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ചക്കരപ്പറമ്പിലെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കൂടതല്‍ നടപടികള്‍ സ്വീകരിക്കും.

യാത്രയ്‌ക്കിടെ ബൈക്കിലെത്തിയ സംഘം കാറിനുനേരെ അക്രമണം നടത്തി ഗ്ലാസ് തകർത്തെന്നും തനിക്കുനേരേ അസഭ്യം പറഞ്ഞെന്നും കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.