കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ്.നായർ സമർപ്പിച്ച ഹർജിയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഹെെക്കോടതി നോട്ടീസ് അയച്ചു.
അമേഠിയിൽ തന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നെന്നും എന്നാൽ വയനാട്ടിലെ പത്രിക തള്ളിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വേഛാപരവും നിയമവിരുദ്ധവും ആണെന്നും ചൂണ്ടിക്കാട്ടിയാണ് സരിത എസ്.നായർ ഹെെക്കോടതിയിൽ ഹർജി നൽകിയത്. സോളാർ കേസിൽ മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും പെരുമ്പാവൂർ സിജെഎം കോടതി സരിതയ്ക്ക് വിധിച്ചിരുന്നു.
സരിതയുടെ ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്. എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെതിരെ സരിത സമർപ്പിച്ച ഹർജിയിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്ക് സമർപ്പിച്ച പത്രികയും തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ജസ്റ്റിസ് ഷാജി പി.ചാലിയാണ് രണ്ടു ഹർജികളും പരിഗണിച്ചത്.
Read Also: ചരിത്ര തീരുമാനം; 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ ഇല്ല
അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച സരിത എസ്.നായര്‍ 569 വോട്ടുകളാണ് സ്വന്തമാക്കിയത്. ഒരു പോസ്റ്റല്‍ വോട്ട് അടക്കമാണ് ഇത്. സിറ്റിങ് സീറ്റായിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റത് 50,000 ത്തിലേറെ വോട്ടുകള്‍ക്കാണ്. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് 15 വര്‍ഷമായി രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന അമേഠിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേകിയത്. 4,68,514 വോട്ടുകള്‍ സ്മൃതി നേടിയപ്പോള്‍ രാഹുല്‍ ഗാന്ധി നേടിയത് 4,13,394 വോട്ടുകളാണ്. കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിച്ച രാഹുല്‍ ഗാന്ധി അവിടെ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.