തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായി സോളാർ കേസിലെ പ്രതി സരിത എസ്.നായർ നൽകിയ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം. കാര്യസാധ്യത്തിനായി ലൈംഗികമായി ചൂഷണം ചെയ്തെന്ന് സരിത പരാതിയിൽ പറയുന്നുണ്ടെങ്കിലും അത് ഉഭയകക്ഷി സമ്മതത്തോടെയുള്ളതാണെന്ന വ്യാഖ്യാനം ഉണ്ടായേക്കാമെന്നാണ് ജസ്റ്റിസ് അരിജിത് പസായം സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ അതീവ ശ്രദ്ധ വേണമെന്നും പസായത്ത് പറഞ്ഞു.

അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ലൈംഗികമായി ഉപയോഗിച്ചതെന്ന് സരിത പരാതിപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത് ഉഭയസമ്മതത്തോടെയും ദുരുദ്ദേശ്യപരമായും ആണ്. ആയതിനാല്‍ ഇത് മാനഭംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

അതിനാൽ തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്താൽ അത് നിലനിൽക്കില്ലെന്നും നിയമോപദേശത്തിൽ പറയുന്നു. എന്നാൽ,​ കേസിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്നും ശരിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കേസ് എടുക്കാവും എന്നും നിര്‍ദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ