കൊട്ടാരക്കര: സോളാർ കേസിൽ ഗണേഷ് കുമാറിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴി. സരിത എസ്.നായർ എഴുതിയ കത്ത് തിരുത്തിയത് ഗണേഷ് കുമാറാണ്. 21 പേജുളള കത്തിൽ മൂന്നു പേജ് കൂട്ടി ചേർത്തത് ഗണേഷ് കുമാർ ആണ്. മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ വൈരാഗ്യമായിരുന്നു ഗണേഷിനെന്ന് കൊട്ടാരക്കര കോടതിയിൽ ഉമ്മൻ ചാണ്ടി മൊഴി നൽകി. സോളാർ കേസിൽ സത്യം തെളിയുമെന്ന് കോടതിയിൽനിന്നും പുറത്തിറങ്ങിയശേഷം ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
സോളാർ വിവാദത്തിൽ ഏറ്റവും ചർച്ചയായത് സരിത എഴുതിയ കത്തായിരുന്നു. സരിതയുടെ കത്തിൽ മൂന്നു പേജ് എഴുതി ചേർത്തത് വ്യാജമാണെന്ന് അഡ്വ.സുധീർ ജേക്കബ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിരുന്നു. ഇതിൽ ഒന്നാം സാക്ഷിയായാണ് ഉമ്മൻ ചാണ്ടി കോടതിയിലെത്തി മൊഴി നൽകിയത്. ഈ മൂന്നു പേജിലാണ് ഉമ്മൻ ചാണ്ടിക്കെതിരെയും മറ്റു യുഡിഎഫ് നേതാക്കൾക്കെതിരെയും ലൈംഗിക ആരോപണം സരിത ഉന്നയിക്കുന്നത്.
Read More: സോളാർ കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ സരിതയുടെ കത്ത് വായിക്കാം
അതേസമയം, കത്ത് എഴുതിയ താനാണെന്ന് സരിത നായർ പറഞ്ഞു. ഉമ്മൻ ചാണ്ടി കത്തിനെ ഭയപ്പെടുന്നു. ഇക്കാര്യത്തിൽ തെളിവുകൾ ഉണ്ടെങ്കിൽ ഉമ്മൻ ചാണ്ടി പുറത്തുവിടട്ടെയെന്നും സരിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Read More: സരിത എസ് നായരും ഉമ്മൻചാണ്ടിയും ഒരു തട്ടിപ്പ് കേസും; സോളാറിന്റെ നാൾവഴി
ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, ജോസ് കെ.മാണി, ആര്യാടൻ മുഹഹമ്മദ്, പി.സി.വിഷ്ണുനാഥ്. അടൂർ പ്രകാശ് തുടങ്ങിയ യുഡിഎഫ് നേതാക്കൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സരിതയുടെ കത്തിലുണ്ടായിരുന്നത്. തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകളും സരിത കത്തിൽ എഴുതിയിരുന്നു. എന്നാൽ കത്ത് പുറത്തുവന്നതിനു പിന്നാലെ ഇതിന്റെ ആധികാരികതയെക്കുറിച്ചും പേജുകളുടെ എണ്ണത്തെക്കുറിച്ചും വിവാദങ്ങൾ ഉയർന്നിരുന്നു.