കൊച്ചി: രാഹുൽ ഗാന്ധി എംപി, ഹൈബി ഈഡൻ എംപി എന്നിവരുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. ഇരുവരുടെയും തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുകൊണ്ട് സരിത നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടേയും എറണാകുളത്ത് ഹൈബി ഈഡന്റെയും തിരരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നായർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

എറണാകുളത്തും വയനാട്ടിലും മത്സരിക്കാൻ സരിത നായർ നേരത്തെ നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ, പത്രിക തള്ളി പോകുകയായിരുന്നു. ക്രിമിനൽ കേസിൽ മൂന്നു വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സരിത നായരുടെ നാമനിർദേശ പത്രികകൾ വരണാധികാരികൾ നേരത്തെ തള്ളിയത്.

പത്രിക തള്ളിയ വരണാധികാരികളുടെ നടപടി നിയമപരമാണെന്നും ഇടപെടാൻ കാരണം കാണുന്നില്ലെന്നും ഹർജികൾ തള്ളിക്കൊണ്ട് ജസ്റ്റിസ് ഷാജി പി.ചാലി വ്യക്തമാക്കി.

Read Also: സരിത എസ് നായര്‍ക്ക് ഉത്തര്‍പ്രദേശില്‍ 462 വോട്ട്

സോളാർ കേസിൽ സരിത നായർക്ക് പത്തനംതിട്ട കോടതി മൂന്നു വർഷം തടവും പത്ത് ലക്ഷം പിഴയും വിധിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു സരിതയുടെ വാദം. ക്രിമിനൽ കേസിൽ മൂന്നു വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിച്ചവർക്ക് ജനപ്രാതിനിധ്യ നിയമ പ്രകാരം വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിർദേശ പത്രികകൾ വിചാരണ കോടതി തള്ളിയത്.

ഹർജികളിൽ കേന്ദ്ര-സംസ്ഥാന കമ്മിഷണർമാരെ കക്ഷി ചേർത്തത് കോടതി നീക്കി. തങ്ങളെ കക്ഷിചേർക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ സമർപ്പിച്ച ഉപഹർജികൾ അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.