സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികളുടെ ആറാമത് സംസ്ഥാന കലോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. നാളെ ആരംഭിക്കുന്ന കലോത്സവം ഡിസംബർ 5 വരെ നീണ്ടുനിൽക്കും. കനകക്കുന്നിലെ നിശാഗന്ധി, സൂര്യകാന്തി വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
പരമ്പരാഗത ആദിവാസി നൃത്തം, പരമ്പരാഗത പാട്ട്, നാടോടി നൃത്തം, സംഘനൃത്തം, നാടകം തുടങ്ങി ഇരുപതിനങ്ങളിലാണ് മത്സരങ്ങൾ. 20 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 112 പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
പരമ്പരാഗത ആദിവാസി നൃത്തത്തിനും പാട്ടിനും പുറമെ വിവിധ രചന മത്സരങ്ങളും ആധുനിക കലകളും കതോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗത നൃത്തങ്ങളും പാട്ടുകളും പൊതു സ്കൂൾ കലോത്സവത്തിൽ ഇല്ലാത്തതിനാലും മറ്റിനങ്ങളിൽ പൊതു വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കൊപ്പം മത്സരിച്ചെത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലാത്തതിനാലും പട്ടികവർഗ വിഭാഗത്തിലെ കലാപ്രതിഭകളെ കണ്ടെത്തി വളർത്തിക്കൊണ്ട് വരികയാണ് കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇവരുടെ കലാപ്രകടനങ്ങളിൽ ഗോത്ര ജീവിതത്തിന്റെ സവിശേഷവും സമ്പന്നവുമായ സംസ്കാരം പ്രതിഫലിക്കും. സർഗോത്സവ നഗരിയായ കനകക്കുന്നിൽ ഒരുക്കിയിട്ടുള്ള വേദികൾക്ക് നിശാഗന്ധി, സൂര്യകാന്തി, നീലാംബരി, നീലക്കുറിഞ്ഞി, കണിക്കൊന്ന എന്നിങ്ങനെ പേരുകൾ നല്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ സാംസ്കാരിക ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിക്കും. 11 മണിക്ക് കെ മുരളിധരൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമകാര്യ മന്ത്രി എ കെ ബാലൻ സർഗോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡിസംബർ 5 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും.